തൃശൂർ: തൃശ്ശൂരിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തെന്ന വാർത്തകളോട് പ്രതികരിച്ച് സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ് രംഗത്ത്. പണം ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്നതല്ലെന്നും നേരത്തെ പിൻവലിച്ച പണം ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് തിരികെ കൊണ്ടുവന്നതാണെന്നുമാണ് എം എം വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കിൽ നിന്ന് നേരത്തെ പിൻവലിച്ച 1 കോടി രൂപയും കൊണ്ട് ബാങ്കിലെത്തിയതെന്നും ഈ പണമാണ് പിടിച്ചെടുത്തതെന്നും എം എം വർഗീസ് അറിയിച്ചു.
തങ്ങളുടെ ഭാഗത്ത് ഒരു പിഴവും ഇല്ലെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ കാരണമെന്നും സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു. സി പി എമ്മിന്‍റെ പാൻ നമ്പർ കേന്ദ്ര കമ്മിറ്റിയുടേതാണ്. എല്ലാ അക്കൗണ്ടുകളിലും ഈ പാൻ നമ്പർ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ ബാങ്കിന്റെ വീഴ്ച കൊണ്ട് പാൻ നമ്പർ തെറ്റായി എന്‍റർ ചെയ്യപ്പെട്ടു. ബാങ്കിന് പറ്റിയ ഒരു പിഴവാണത്. AAATC0400A എന്നതാണ് ശരിയായ പാൻ നമ്പർ. അതുതന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യക്കും സി പി എം തൃശൂർ ജില്ലാ കമ്മിറ്റി നൽകിയത്. എന്നാൽ ഇതിൽ T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് പ്രശ്നമായിരിക്കുന്നതെന്നും എം എം വർഗീസ് ചൂണ്ടികാട്ടി. പാൻ നമ്പർ തെറ്റാണെന്ന് അറിയില്ലായിരുന്നെന്നും 30 വർഷമായുള്ള അക്കൗണ്ടാണിതെന്നും സി പി എമ്മിന് മറച്ചുവക്കാൻ ഒന്നുമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വിവരിച്ചു.
അക്കൗണ്ട് മരവിപ്പിച്ചത് മുകളിൽ നിന്നുള്ള ഇടപെടൽ കൊണ്ടാണെന്നും പിടിച്ചെടുത്തതുക തിരിച്ചു കിട്ടാൻ നിയമപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പ് നടപടി കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിന്‍റെ ഭാഗമാണെന്നും ഈ നടപടി നിയമപരമായി നേരിടുമെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വിവരിച്ചു.