
ദില്ലി: ത്രിപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കെ ബാബുവിന് തിരിച്ചടി. സ്ഥലം എം എൽ എയായ കെ ബാബു, കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. ബാബുവിന്റെ വിജയം ചോദ്യംചെയ്ത് എം സ്വരാജ് നൽകിയ ഹർജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിനിടെ കെ ബാബു മതചിഹ്നങ്ങൾ ഉപയോഗിച്ചെന്നതാണ് സ്വരാജിന്റെ പരാതി. മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടുപിടിച്ചാണ് കെ ബാബു വിജയിച്ചതെന്നപം അതിനാൽ തന്നെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമാണ് സ്വരാജിന്റെ ഹർജിയിൽ പറയുന്നത്. ഈ ഹർജി തള്ളിക്കളയണമെന്നതാണ് കെ ബാബുവിന്റെ ആവശ്യം. സ്വരാജിന്റെ ഹർജി തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ബാബു നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബാബുവിന്റെ ആവശ്യം ഹൈക്കോതി തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമാന ആവശ്യവുമായി ബാബു സുപ്രീം കോടതിയിലെത്തിയത്.
M Swaraj Tripunithura Election Case Supreme court dismissed K Babu MLAs appeal