കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ഷണ്ഡീകരണം; നിയമം കടുപ്പിച്ച് മഡഗാസ്കർ

ആന്റനനറീവോ: പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവർക്ക് കഠിന ശിക്ഷയുമായി ആഫ്രിക്കൻ രാജ്യമായ മഡഗാസ്കർ. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ രാസവസ്തുക്കളിലൂടെ അല്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ ഷണ്ഡീകരണം നടത്തുന്ന രണ്ട് ശിക്ഷാമാര്‍ഗങ്ങളാണ് കഴിഞ്ഞ ദിവസം മഡഗാസ്കർ പാര്‍ലമെന്‍റ് പാസ്സാക്കിയത്. ഈ ശിക്ഷ നിര്‍ദ്ദേശിച്ച പ്രസിഡന്‍റ് ആന്‍ഡ്രി രജോലിന ബില്ല് ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

ഈ നിയമമനുസരിച്ച് 10 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് സര്‍ജിക്കല്‍ കാസ്ട്രേഷൻ നിർബന്ധമാക്കും. 10നും 13നും ഇടയിൽ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ച കേസിലാണെങ്കില്‍ ശസ്ത്രക്രിയയിലൂടെയോ കെമിക്കൽ കാസ്ട്രേഷനിലൂടെയോ ശിക്ഷ നടപ്പാക്കും. 14നും 17നുമിടയില്‍ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ കെമിക്കൽ കാസ്ട്രേഷനിലൂടെ ശിക്ഷിക്കപ്പെടും.

ബില്‍ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് പറഞ്ഞ് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ രാജ്യത്തെ ലൈംഗികാതിക്രമങ്ങൾ തടയാന്‍ നിയമം അനിവാര്യമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 600 കുട്ടികളാണ് രാജ്യത്ത് പീഡനത്തിന് ഇരയായത്. ഇക്കൊല്ലം ജനുവരിയില്‍ മാത്രം 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പെറു, പോളണ്ട്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ രാസ ഷണ്ഡീകരണം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ജിക്കല്‍ കാസ്ട്രേഷന്‍ വളരെ ചുരുക്കമാണ്. 2020ല്‍ നൈജീരിയയില്‍ 14 വയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച കുറ്റവാളികളില്‍ സര്‍ജിക്കല്‍ കാസ്ട്രേഷന്‍ ചെയ്തിരുന്നു. ലൈംഗിക കുറ്റവാളികളെ ശസ്ത്രക്രിയയിലൂടെ ഷണ്ഡീകരണം ചെയ്യാന്‍ ജര്‍മനിയിലും അംഗീകാരമുണ്ട്.

More Stories from this section

family-dental
witywide