
ഹൂസ്റ്റൺ: സൗത്ത് വെസ്റ്റ് ഹൂസ്റ്റണിലെ ജെയിംസ് മാഡിസൺ ഹൈസ്‌കൂളിന്റെ പുതിയ മൊബൈൽ ഫോൺ നയത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. ഇതോടൊ സ്കൂൾ അടച്ചിട്ടു.
“കാമ്പസിൽ അടുത്തിടെയുണ്ടായ ബഹളങ്ങളിലുള്ള ആശങ്ക കാരണം സ്കൂൾ നിലവിൽ പൂട്ടിയിരിക്കുകയാണ്,” പ്രിൻസിപ്പൽ എഡ്ഗർ കോണ്ട്രേറസ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മാതാപിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
“നിങ്ങൾക്കറിയാവുന്നതുപോലെ, തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾ സ്‌കൂൾ കെട്ടിടത്തിനുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന് ഞങ്ങൾ ഇന്നലെ അറിയിച്ചു. ഇതേ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്,” കോണ്ട്രേസ് തുടർന്നു.
പുതിയ നയത്തിൻ്റെ ഭാഗമായി, സ്‌കൂൾ ദിനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾ അവരുടെ ഫോണുകൾ ഫ്രണ്ട് ഡെസ്‌ക്കിൽ ഏൽപ്പിക്കുകയും ദിവസാവസാനം അവ എടുക്കുകയും ചെയ്യേണ്ടതുണ്ട്.
“ഈ നയത്തിൽ രോഷാകുലരായ ചില വിദ്യാർത്ഥികൾ ഇന്ന് കാമ്പസിൽ തടസ്സങ്ങൾ സൃഷ്ടിച്ചു, ഇത് ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചു,” കോണ്ട്രേസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ എച്ച്ഐഎസ്‌ഡി പോലീസും സ്‌കൂളിലുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ഇത് ആദ്യമായല്ല ഹൂസ്റ്റണിലെ ഒരു സ്‌കൂളിൽ മൊബൈൽ ഫോണിന്റെ പേരിൽ ഇത്തരം ഒരു സംഭവം നടക്കുന്നത്. 2023 ഏപ്രിലിൽ, എച്ച്ഐഎസ്ഡിയുടെ ലാമർ ഹൈസ്‌കൂളിലെ 15 വയസ്സുള്ള ഒരു വിദ്യാർത്ഥി തൻ്റെ സെൽഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ്റെ തലയിൽ അടിക്കുന്നത് വീഡിയോയിൽ പുറത്തുവന്നിരുന്നു.















