
ന്യൂയോർക്ക്: അമേരിക്കിയിൽ നടക്കുന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിനിടെ അനിഷ്ട സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയത്. ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാൻ പാലിക്കേണ്ട ഡ്രസ് കോഡ് തെറ്റിച്ചുകൊണ്ട് ജീൻസ് ധരിച്ചെത്തിയ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സന് പിഴയിട്ടതോടെ അദ്ദേഹം മത്സരത്തിൽ നിന്നും പിന്മാറി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രസ് കോഡ് പാലിക്കാത്തതുതൊണ്ടാണ് കാൾസന് പിഴയിട്ടതെന്ന് സംഘാടകർ വ്യക്തമാക്കി. നിലവിലെ ചാമ്പ്യൻ പിന്മാറിയതോടെ വേൾഡ് റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിന്‍റെ പകിട്ട് കുറയുമോയെന്ന ആശങ്കയിലാണ് ആരാധകർ.
ഡ്രസ് കോഡ് പാലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാൾസണിന് 200 ഡോളർ പിഴ ചുമത്തുകയും റാപിഡ് വിഭാഗത്തില്‍ അയോഗ്യനാക്കുകയും ചെയ്യുകയായിരുന്നു ഫിഡ. ‘ആവർത്തിച്ചുള്ള ഡ്രസ് കോഡ് ലംഘനം’ കാരണമാണ് നടപടിയെന്ന് ചീഫ് ആർബിറ്റർ അലക്സ് ഹോളോവ്സാക്ക് അറിയിച്ചു. അയോഗ്യനാക്കിയതിനു പിന്നാലെ ചാംപ്യൻഷിപ്പിന്റെ ബ്ലിറ്റ്സ് വിഭാഗത്തിൽ പങ്കെടുക്കില്ലെന്ന് കാൾസന്‍ പ്രഖ്യാപിക്കുകയായിരുന്നു. ‘ഫിഡെ’യെ മടുത്തുവെന്നും അവരുമായി ചേർന്ന് പ്രവർത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും കാള്‍സന്‍ വ്യക്തമാക്കി.
അതിനിടെ കാള്‍സനെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഫിഡ പ്രസ്താവന ഇറക്കി. ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പുകൾക്കായുള്ള ഫിഡയുടെ നിയന്ത്രണങ്ങൾ പ്രൊഫഷണലിസവും നീതിയും ഉറപ്പാക്കുന്നതിനായുള്ളതാണ്. ഇന്ന്, മാഗ്നസ് കാൾസൺ ജീൻസ് ധരിച്ചുകൊണ്ട് ഈ നിയമം ലംഘിച്ചു. ചീഫ് ആർബിറ്റർ മിസ്റ്റർ കാൾസനെ ഈ നിയമലംഘനത്തെക്കുറിച്ച് അറിയിക്കുകയും 200 ഡോളർ പിഴ ചുമത്തുകയും വസ്ത്രം മാറ്റാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ കാൾസൺ വിസമ്മതിച്ചു. അതിനാൽ തന്നെ അദ്ദേഹത്തിന് റൗണ്ട് 9 ല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഈ തീരുമാനം നിഷ്പക്ഷമായി എടുത്തതാണെന്നും എല്ലാ കളിക്കാർക്കും ഡ്രസ്കോഡ് ഒരുപോലെ ബാധകമാണെന്നും ഫിഡ പ്രസ്താവനയിൽ വ്യക്തമാക്കി.