കോഴിക്കോട് ബീച്ചിൽ എത്തുന്ന പ്രണയികളെ ചൂലുകൊണ്ട് നേരിടാൻ മഹിളാമോർച്ച; സദാചാര പൊലീസിങ് അല്ലെന്നും അമ്മമാരെ പോലെയെന്നും വിശദീകരണം

കോഴിക്കോട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ബിജെപിയുടെ വനിതാ സംഘടനയായ മഹിളാമോർച്ച. കോഴിക്കോട് വെസ്റ്റിഹില്ലിന് സമീപം കോന്നാട്‌ ബീച്ചിലാണ് മഹിളാമോർച്ച പ്രവർത്തകരുടെ ചൂൽ പ്രയോഗം നടന്നത്. ഇരുപതോളം സ്ത്രീകളാണ് ബീച്ചിൽ ചൂലെടുത്ത് എത്തിയത്. പ്രദേശത്ത് സാമൂഹിക വിരുദ്ധശല്യം രൂക്ഷമായിട്ടുണ്ടെന്നും ഇതിനാലാണ് നടപടിയെന്നുമാണ്‌ ഇവരുടെ വിശദീകരണം.

ബീച്ചിലെത്തുന്നവർ മോശമായ പ്രവൃത്തികളിൽ ഏർപ്പെടുകയാണെന്നു മഹിളമോർച്ച പ്രവർത്തകർ ആരോപിച്ചു. അതിനാൽ യുവതി യുവാക്കളെ ചൂലുമായി രംഗത്തിറങ്ങി കൈകാര്യം ചെയ്യുമെന്നും ഇതിനായി ഒരു സ്‌ക്വാഡ് രൂപീകരിക്കുമെന്നും ഇവർ പറഞ്ഞു.

തങ്ങൾ നടത്തിയത് സദാചാര പോലീസിങ് അല്ലെന്നും യുവതി യുവാക്കളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. നിലവിൽ പരാതികളൊന്നും വന്നിട്ടില്ലാത്തതിനാൽ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല. നാളെയും സമാനമായ രീതിയിൽ പ്രവർത്തനം ഉണ്ടാകുമെന്നും നാളെ രാവിലെ പത്ത് മണി മുതൽ ബീച്ചിലെത്തുന്ന യുവതി യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുമെന്നും മഹിളാമോർച്ച പ്രവർത്തകർ അറിയിച്ചു.

Mahila Morcha’s moral policing in Calicut beach

More Stories from this section

family-dental
witywide