മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്; എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയോട് എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം. ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടിസ് നല്‍കിയിരുന്നത്. ഇന്നലെ ആയിരുന്നു ഔദ്യോഗിക വസതി ഒഴിയാന്‍ നല്‍കിയ അവസാന തീയതി. ഇതേത്തുടര്‍ന്നാണ് എത്രയും വേഗം ഒഴിയാന്‍ ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

അയോഗ്യയായ എംപിക്ക് ഔദ്യോഗിക വസതി ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ വാദം. എം.പി.മാരുടെ ഉള്‍പ്പടെയുള്ള വസതികളുടെയും കേന്ദ്രസര്‍ക്കാരിന്റെ മറ്റു വസ്തുവകകളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിനാണ്. പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മഹുവ നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി ഔദ്യോഗിക വസതി വീണ്ടെടുക്കാന്‍ ഭവന നിര്‍മാണ നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം മഹുവയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ നിയമപരമായി മാത്രം ചെയ്യണമെന്ന് സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഔദ്യോഗിക വസതി ഒഴിയാന്‍ നല്‍കിയ അവസാന തീയതി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

More Stories from this section

family-dental
witywide