
കൊൽക്കത്ത: ദേശീയ അന്വേഷണ ഏജൻസിയായ സിബിഐക്കെതിരെ തൃണമൂൽ എംപി മഹുവ മൊയിത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊൽക്കത്തയിലെ വസതിയിൽ സിബിഐ നടത്തുന്ന റെയ്ഡിനെതിരെയാണ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സ്ഥാനാർഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന നടപടി സിബിഐ സ്വീകരിക്കരുതെന്നും കേന്ദ്ര ഏജൻസികളുടെ നടപടികൾക്ക് മാർഗരേഖ വേണമെന്നും മഹുവ ആവശ്യപ്പെട്ടു. ചോദ്യത്തിന് കോഴ ആരോപണത്തിൽ കഴിഞ്ഞ ദിവസമാണ് സിബിഐ മഹുവയുടെ വസതിയിൽ പരിശോധന നടത്തിയത്.
ടിഎംസി സ്ഥാനാർഥിയാണ് മഹുവ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോക്പാൽ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. എംപിയെന്ന നിലയിലെ ഔദ്യേഗിക ഇമെയിൽ ഐഡിയിലേക്ക് പുറത്തുനിന്നുള്ളവർക്ക് ആക്സസ് നൽകിയെന്ന ആരോപണത്തെ തുടർന്നാണ് മഹുവയെ കഴിഞ്ഞ വർഷം ഡിസംബറിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ സീറ്റിൽ നിന്നാണ് മഹുവ മൊയ്ത്ര മത്സരിക്കുന്നത്.
വ്യവസായിയായ ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ലോക്‌സഭയിൽ മഹുവ മൊയ്‌ത്ര ചോദ്യങ്ങൾ ഉന്നയിച്ചത് ദുബായിലെ വ്യവസായി ദർശൻ ഹിരാനന്ദാനിയ്ക്ക് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചോദ്യം ചോദിക്കാന്‍ മഹുവ ദർശൻ ഹിരാനന്ദാനിയില്‍ നിന്ന് പണം വാങ്ങിയെന്നും ആരോപണമുയർന്നു. ദർശൻ ഹിരാനന്ദാനി തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, ആരോപണങ്ങൾ മഹുവ നിഷേധിച്ചു.
mahua moitra complaint against cbi