ഇന്ന് വരനായി വരേണ്ട വിഷ്ണു ജിത്ത് എവിടെ? മലപ്പുറത്ത് യുവാവിനെ കാണാതായിട്ട് നാല് ദിവസം

മലപ്പുറം: മലപ്പുറത്ത് ഇന്ന് വിവാഹിതനാകേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് ഇന്ന് നാലു ദിവസം പിന്നിടുന്നു. പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് നാലാം തീയതി രാവിലെമുതല്‍ കാണാതായത്.

വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പണം സംഘടിപ്പിക്കാന്‍ പോകുമ്പോഴാണ് യുവാവിനെ കാണാതായതെന്നും പാലക്കാട്ടേക്കാണ് പോയതെന്നും ബന്ധുക്കള്‍ പറയുന്നു. വിഷ്ണുജിത്തിന്റെ കയ്യില്‍ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അവസാന ലൊക്കേഷന്‍ കഞ്ചിക്കോട്ടെ പുതുശേരിയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായി വിഷ്ണുവിന്റെ വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് കാണാതായത്.