ഒടിടി ഉണ്ടല്ലോ, തീയറ്റർ കുലുങ്ങണ്ട! കടുത്ത തീരുമാനവുമായി ഫിയോക്‌; വ്യാഴാഴ്ച മുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ല

കൊച്ചി: അടുത്ത വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് നിര്‍ത്തിവെക്കുമെന്ന് തിയറ്ററുടമകളുടെ സംഘ‌ടനയായ ഫിയോക്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന സിനിമകൾ ധാരണ ലംഘിച്ച് ഒ ടി ടിക്ക് നല്‍കുകയാണെന്ന് ആരോപിച്ചാണ് റിലീസ് നിർത്തുകയാണെന്ന് തീരുമാനിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി.

നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒ ടി ടിയിൽ നൽകൂവെന്ന ധാരണ നിർമാതക്കളും ലംഘിച്ചെന്നും ഭാരവാഹികൾ അറിയിച്ചു. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നും ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും ഫിയോക് അറിയിച്ചു.

സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ അവ​ഗണിക്കുകയും മൾട്ടിപ്ലക്സുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നിർമാതാക്കൾ ചെയ്യുന്നതെന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. റിലീസ് നിർത്തിവെക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു. അറിയിപ്പ് കിട്ടി‌യാൽ മാത്രമേ നിലപാട് വ്യക്തമാക്കാനാകൂവെന്നും ചേമ്പർ ഭാരവാഹികൾ പ്രതികരിച്ചു.

Malayalam Films do not release from thursday, says fiok

More Stories from this section

family-dental
witywide