
ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും സംയുക്തമായി വിന്റര്‍ ഹേവന്‍ റാഞ്ചില്‍ മലയാളം ലിറ്റററി ക്യാമ്പ് സംഘടിപ്പിച്ചു. ഈ മാസം 10, 11, 12 തീയതികളിലാണ് ക്യാമ്പ് നടന്നത്. കെഎല്‍എസ് പ്രസിഡന്റ് ഷാജു ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തമ്പി ആന്റണി പ്രധാന കഥാപാത്രമായി അഭിനയിച്ചതും കേരള ക്രിട്ടിസ് അവാര്‍ഡ് നേടിയതുമായ ‘ഹെഡ്മാസ്റ്റര്‍’ (മണ്മറഞ്ഞ സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണ് മൂലകഥ) എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. സിനിമ ഒരു സാഹിത്യ ആശയവിനിമയ മാധ്യമം കൂടിയായതിനാല്‍ നക്ഷത്രരാവ് എന്ന പേരില്‍ സിനിമ ചര്‍ച്ചകളുമുണ്ടായിരുന്നു. ചര്‍ച്ചയില്‍ എല്ലാവരും തന്നെ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങളും വിശേഷങ്ങളും പങ്കുവച്ചു.
11ന് രാവിലെ നടത്തപ്പെട്ട സൂം മീറ്റിംഗില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലെ ലാന അംഗങ്ങള്‍ പങ്കെടുത്തു. പ്രശസ്ത ചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരി മുഖ്യാതിഥിയായിരുന്നു. നവോഥാന കല സാഹിത്യ കൃതികളുടെ ചരിത്രവും അത് മലയാള സാഹിത്യത്തില്‍ ഉണ്ടാക്കിയ പ്രതിഫലനവും അദ്ദേഹം വിശദീകരിച്ചു.
ജോലിക്ക് അനുസരിച്ച് അധ്യാപകര്‍ക്ക് വേതനം കിട്ടാതിരുന്ന ഒരു കാലത്തിന്റെ കഥ പറയുന്ന പൊതിച്ചോറ് ആസ്പദമാക്കി കാരൂര്‍ കഥകളിലൂടെ അര്‍ഷാദ് ബത്തേരി നടത്തിയ പ്രഭാഷണം തീര്‍ച്ചയായും ഒരു വേറിട്ട അനുഭവമായിരുന്നു. കെഎല്‍എസ് ഏര്‍പ്പെടുത്തിയ മനയില്‍ ജേക്കബ് കവിത അവാര്‍ഡ് 2023 കാലിഫോണിയ നിന്നുമുള്ള കവിയത്രിയും അഭിനേത്രിയുമായ ടി.ജി. ബിന്ദു അര്‍ഹയായി. കെഎല്‍എസ് സ്ഥാപക നേതാക്കളിലൊരാളും ആദ്യപ്രസിഡന്റുമായിരുന്ന മണ്മറഞ്ഞ മനയില്‍ ചാക്കോച്ചന്റെ പേരിലുള്ളതാണ് പുരസ്‌കാരം. സിനിമ സംവിധായകന്‍ എം. ഷാജിയില്‍ നിന്നും ഫലകവും പ്രശസ്തി പത്രവും കെഎല്‍എസ് ട്രഷറര്‍ സി.വി. ജോര്‍ജില്‍ നിന്ന് കാഷ് അവാര്‍ഡും ബിന്ദു ടിജി ഏറ്റുവാങ്ങി. തുടര്‍ന്ന് കവിതാ ചര്‍ച്ചയും സംഘടിപ്പിച്ചു. എഴുത്തുക്കാരന്‍ അനിലാല്‍ ശ്രീനിവാസന്റെ ‘ഫിത്ര്‍ സകാത്ത് ‘എന്ന പുസ്തകം തമ്പി ആന്റണിക്ക് നല്‍കി പ്രകാശനം ചെയ്തു. ലാനാ പ്രസിഡന്റ് ശങ്കര്‍ മന സാന്നിധ്യം വഹിച്ചു.
ഡാളസ് ഭരതകലാ തീയറ്റഴ്‌സിന്റെ ബാനറില്‍ സന്തോഷ് പിള്ള തിരക്കഥ എഴുതിയ ഹരിദാസ് തങ്കപ്പന്‍, ജയ് മോഹന്‍ സംവിധാനം ചെയ്ത എഴുത്തച്ഛന്‍ നാടകത്തിന്റെ വീഡിയോ റിക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചു. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്റെ ”തീക്കടല്‍ കടഞ്ഞ് തിരുമധുരം” എന്നനോവലാണ് നാടകത്തിന്റെ അടിസ്ഥാനം. പ്രദര്‍ശത്തിനുശേഷം കാണികളുടെ ചോദ്യങ്ങള്‍ക്ക് സഞ്ചാരസാഹിത്യകാരനും കെഎല്‍എസ് അംഗവുമായ സന്തോഷ് പിള്ള ഉത്തരം നല്‍കി. സിനിമാ ഗാനരചയിതാവ് ജോ പോള്‍, യൂണിവേഴ്‌സിറ്റി ഓഫ് ആസ്റ്റിന്‍ പ്രഫസര്‍ ദര്‍ശന മനയത്ത്, കവയത്രി പ്രിയ ഉണ്ണി കൃഷ്ണന്‍, ഐപിസിഎന്‍ടി പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, പി.പി ചെറിയാന്‍, സംവിധായകന്‍ ജിജി പി. സ്‌കറിയ എന്നിവര്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. കവി ജോസ് ഓച്ചാലില്‍, മീനു എലിസബത്ത്, അനുപ, ബാജി ഓടംവേലി, സാറ ടീച്ചര്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. കെഎല്‍എസ് അംഗങ്ങള്‍ സകുടുംബം തന്നെ പങ്കെടുത്തു. മദേര്‍സ് ഡേയും നേഴ്‌സസ് ഡേയും ചടങ്ങില്‍ ആഘോഷിച്ചു.
ചാക്കോ വര്‍ക്കിയുടെ (ഷാജി) നേതൃത്വത്തില്‍ കരോക്കെ ഗാനമേളയും അരങ്ങേറി. പരിപാടിയുടെ പ്രധാനസംഘാടകത്വം ലാനയെ പ്രതിനിധീകരിച്ച് ലാന സെക്രട്ടറി സാമുവല്‍ യോഹന്നാനും കേരളാലിറ്റററി സൊസൈറ്റിക്കുവേണ്ടി സെക്രട്ടറി ഹരിദാസ് തങ്കപ്പനും നിര്‍വഹിച്ചു. ലാന പ്രസിഡന്റ് ശങ്കര്‍ മന, കെഎല്‍എസ് പ്രസിഡന്റ് ഷാജു ജോണ്‍, വൈസ് പ്രസിഡന്റ് സിജു വി. ജോര്‍ജ്, ട്രഷറര്‍ സി.വി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ അനശ്വര്‍ മാമ്പിള്ളി, ഫുഡ് കമ്മിറ്റി ചെയര്‍ മീനു എലിസബത്ത്, അനുപാ, ആന്‍സി ഓച്ചാലില്‍, ഡോ. നിഷ ജേക്കബ്, അല്‍ഫോന്‍സാ ഷാജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ട്രഷറര്‍ സി. വി. ജോര്‍ജ് നന്ദി പറഞ്ഞതോടെ പരിപാടി സമാപിച്ചു. ഷിജു എബ്രഹാം ഫിനാഷ്യല്‍ സര്‍വിസസ്( ഷിജു എബ്രഹാം), കേറ്റര്‍ ടു യു ഹോം ഹെല്‍ത്ത് കെയര്‍, ടെക്‌സസ് ഹോസ്പിസ് സെര്‍വിസ് ഹെല്‍ത്ത് കെയര്‍, (ഷാജു ജോണ്‍), എംഎസ്എല്‍ ഹെല്‍ത്ത് കെയര്‍(റോയി പി.ടി ആന്‍ഡ് ലീലാമ്മ ഐസക്), ടൊയോട്ട ഓഫ് പ്‌ളാനോ(അന്‍വര്‍ അച്ചന്‍കുഞ്ഞ്), ന്യൂയോര്‍ക്ക് ലൈഫ് (സാമുവല്‍ യോഹന്നാന്‍), ഇമ്പാക്ട് ടാക്‌സ് ( സുബിന്‍ മാത്യൂസ് സിപിഎ), ടെക്‌സസ് പ്രോപ്പര്‍ട്ടി ബ്രോക്കേഴ്സ് (അനില്‍ മാത്യു) എന്നിവര്‍ പരിപാടിക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കി. ചെറിയാന്‍ ചൂരനാട് എയര്‍ കണ്ടീഷന്‍, ജോജോ കാര്‍ റിപ്പയര്‍ (ജോജോ കോട്ടക്കല്‍), സണ്ണി ജോര്‍ജ് എ സി റിപ്പയര്‍ തുടങ്ങിയവര്‍ക്ക് സംഘാടകര്‍ നന്ദി അറിയിച്ചു.