
ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറുപവനോളം കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്തുവെച്ച് നഷ്ടപ്പെട്ടിരുന്നു. ഇത് ലഭിച്ച പൊലീസ് നടത്തിയ തുടര്‍ അന്വേഷണത്തിലാണ് മാഗേഷ് വലയിലായത്. ഇയാള്‍ ചെന്നൈയിലെ ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
പത്തനംതിട്ട എരുമേലി സ്വദേശികളായ വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍ (72), കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രസന്ന കുമാരി (62) എന്നിവരാണ് ചൈന്നൈയിലെ വസതിയില്‍വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ ക്രൂരമായി കൊല്ലപ്പെട്ട ഇവരുടെ വീട്ടില്‍ നിന്നും 100 പവനോളം മോഷണം പോയിരുന്നു.
സിദ്ധ ഡോക്ടറായ ശിവന്‍ നായര്‍ വീട്ടില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ ആളുകള്‍ പതിവായി ചികിത്സയ്‌ക്കെത്തിയിരുന്നു. ചികിത്സ തേടി എത്തുന്നവരെന്ന വ്യാജേന വീട്ടിലെത്തിയവരാണ് കൊലനടത്തി മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രി 8നും 9നും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്. പിടിയിലായ മാഗേഷ് മാത്രമല്ല കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഒറ്റയ്‌ക്കൊരാള്‍ക്ക് ചെയ്യാവുന്ന കൃത്യമല്ല ഇതെന്നാണ് പൊലീസ് കണക്കാക്കുന്നത്.










