ഹിസ്ബുള്ള ആക്രമണം: ഇസ്രയേലിൽ മലയാളി കൊല്ലപ്പെട്ടു, 2 മലയാളികൾക്ക് പരുക്ക്

ഇസ്രയേലില്‍ ഹിസ്ബുള്ള വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. മലയാളികളായ ജോസഫ് ജോർജ്, പോള്‍ മെല്‍വിന്‍ എന്നിവർക്ക് പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

സിവ് ആശുപത്രിയിലാണ് നിബിന്റെ മൃതദേഹമുള്ളത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ ജോസഫ് ജോർജിനെ പെറ്റ തിക്വയിലുള്ള ബെയിലിന്‍സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ ജോസഫ് ജോർജ് നിലവില്‍ നിരീക്ഷണത്തിലാണ്. കുടുംബാംഗങ്ങളുമായി ജോസഫിന് സംസാരിക്കാന്‍ കഴിഞ്ഞതായും ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഗുരുതരമായ പരുക്കുകളില്ലാത്ത മെല്‍വിന്‍ സിവ് ആശുപത്രിയിലാണ്. ഇടുക്കി സ്വദേശിയാണ് മെല്‍വിന്‍.

വടക്കൻ ഇസ്രയേലിലെ ഗലീലി പ്രവിശ്യയിലെ മാർഗലിയറ്റിൽ ഒരു കൃഷിയിടത്തിലാണ് മിസൈൽ പതിച്ചത്. ഞായറാഴ്ച പകൽ 11 മണിക്കായിരുന്നു അപകടം. അപകടത്തിയപെട്ടവർ അവിടെ ജോലിചെയ്യുകയായിരുന്നു. സംഭവത്തിൽ 7 പേർക്ക് പരുക്കുണ്ട്.

ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസിനെ പിന്തിണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു. ഇസ്രയേൽ – ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ ലെബനനിലും ആക്രമണം നടത്തിയിരുന്നു.

Malayali killed at Israel in Hisbulla Shell attack