അയര്‍ലൻഡിൽ മലയാളി നഴ്‌സ്‌ പ്രസവത്തെ തുടർന്ന് മരിച്ചു; വിട വാങ്ങിയത് വയനാട് സ്വദേശിനി

ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്‌സ് പ്രസവത്തെ തുടർന്ന് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അന്തരിച്ചത്. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു സ്റ്റെഫി ബൈജു. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നവജാത ശിശു സുഖമായിരിക്കുന്നു.

സ്റ്റെഫിയും കുടുംബവും കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് താമസിക്കുന്നത്. ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്‌കറിയയാണ് സ്റ്റെഫിയുടെ ഭർത്താവ്. ജോഹാനും ജുവാനുമാണ് മക്കൾ. സ്‌റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എൽസിയും ഇപ്പോൾ അയർലൻഡിലുണ്ട്.

കെറി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്‌റ്റെഫിയുടെ കുടുംബത്തെ സഹായിക്കാൻ 65,000 യൂറോ സമാഹരിച്ചു. സംസ്കാരം പിന്നീട്.

Also Read

More Stories from this section

family-dental
witywide