
മുംബൈ: കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരെ ആക്രമിച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. അബ്ദുൽ മുസാവിര്‍ നടുക്കണ്ടി(25) എന്ന യുവാവിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ ഒന്നിന് ഒന്നാം തീയതി കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. പറന്നുയർന്ന വിമാനത്തിൽ ജീവനക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയും വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ മറ്റ് യാത്രക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാനം ഉടന്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയായിരുന്നു. എയര്‍ക്രാഫ്റ്റ് ആക്ട് ലംഘനം, ജീവന്‍ അപായപ്പെടുത്താന്‍ ശ്രമം, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്‍ മുസാവറിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
Malayali youth arrested for trying to open air india flight emergency door