
പൊന്നിന്‍ കുരിശ് മുത്തപ്പനെ കാണാന്‍ മലയാറ്റൂര്‍ മലകയറി ഭക്തസഹസ്രങ്ങള്‍. മാര്‍ച്ച് 23 മുതല്‍ ആരംഭിച്ച വിശുദ്ധ വാരം ഏപ്രില്‍ 30വരെയാണ് തുടരുക. ഈ കാലയളവില്‍ ക്രൈസ്തവരും അക്രൈസ്തവരും അടക്കം ഭക്തലക്ഷങ്ങള്‍ മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തും.
പൊന്നിന്‍കുരിശു മുത്തപ്പോ… എന്ന് വിളിച്ച് മലമുകളിലേക്ക് കയറിപ്പോകുന്ന വിശ്വാസികളുടെ കാഴ്ചയാണ് മലയാറ്റൂരിന്റെ ഊര്‍ജ്ജം. ജീവിതദുരിതങ്ങളുടെ കണ്ണീരും, ലഭിച്ച സന്തോഷങ്ങളുടെ പുഞ്ചിരിയും മുത്തപ്പനെ കാണാനുള്ള ഭക്തിയുടെ നിറവുമായി മലകയറുന്ന ഭക്തരെ സ്വാഗതം ചെയ്യുന്ന മലയാറ്റൂര്‍ മുന്‍കാലങ്ങളിലേതുപോലെ ഇക്കുറിയും ജനത്തിരക്കില്‍ നിറയുകയാണ്.
വലിയ നോയമ്പ് കാലമായ ഇക്കാലയളവിലാണ് ഇവിടെ കൂടുതല്‍ വിശ്വാസികളെത്തുന്നത്. ക്രൈസ്തവ വിശ്വാസമനുസരിച്ച് ഗാഗുല്‍ത്തായിലേക്ക് കുരിശും ചുമന്നു നടന്ന യേശുവിനെ സ്മരിച്ചാണ് ക്രൈസ്തവ വിശ്വാസികള്‍ വലിയ നോയമ്പു കാലത്ത് മരക്കുരിശുമായി മലകയറുന്നത്. പ്രത്യേകിച്ച് ദു:ഖവെള്ളിയാഴ്ചയാണ് ഈ കാഴ്ച മലയാറ്റൂരിനെ ഭക്തിസാന്ദ്രമാക്കുന്നത്. പൊള്ളുന്ന വേനല്‍ച്ചൂടിനെ അവഗണിച്ചാണ് ഇക്കുറിയും വലിയ വിശ്വാസപ്രവാഹം മലയാറ്റൂരിലെത്തിയിരിക്കുന്നത്.
കുരിശുമുടി പള്ളിയില്‍ ഇന്നലെ മുതല്‍ ബുധനാഴ്ച വരെ രാവിലെ 5.30, 7.30, 9.30, വൈകിട്ട് 6.30 എന്നീ സമയങ്ങളിലായി കുര്‍ബാനയുണ്ടാകും. താഴത്തെ പള്ളിയില്‍ ഈ ദിവസങ്ങളില്‍ കുമ്പസാര സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 5.30ന് ആരാധനയും 6നും 7നും വൈകിട്ട് 5.15നും കുര്‍ബാനയുമുണ്ടാകും. രാവെന്നോ പകലെന്നോ വ്യത്യാസമേതുമില്ലാതെ 24 മണിക്കൂറും മലകയറാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, മാത്രമല്ല പൊലീസ് പട്രോളിഗും ശക്തമാക്കിയിട്ടുണ്ട്. പുഴയോരത്തും തടാകത്തിന്റെ സമീപത്തും അധികൃതര്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അടിവാരത്തും കുരിശുമുടിയിലും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നേരത്തെ അറിയിച്ച് എത്തുന്ന ഭക്തര്‍ക്ക് താമസത്തിനും വിശ്രമത്തിനും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.