
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദ്വീപ് രാഷ്ട്രത്തിലെ മൂന്ന് മന്ത്രിമാർ അപകീർത്തികരമായ പരാമർശം നടത്തിയതിന് പിന്നാലെ മാലിദ്വീപ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി.
മാലിദ്വീപിന് ബദൽ വിനോദസഞ്ചാര കേന്ദ്രമായി ലക്ഷദ്വീപിനെ അവതരിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന അനുമാനത്തിലായിരുന്നു മന്ത്രിമാർ മോദിക്കെതിരെ വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമെന്നാണ് ലക്ഷദ്വീപിനെ കുറിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്.
ഇതിന് പിന്നാലെ മാലദ്വീപ് മന്ത്രി മറിയം ഷിവൂന അധിക്ഷേപ പരാമർശവുമായി രംഗത്തെത്തി. ‘എന്തൊരു കോമാളിയാണിയാൾ. ഇസ്രയേലിന്റെ കളിപ്പാവയായ നരേന്ദ്രയെന്ന മുങ്ങൾ വിദഗ്ധൻ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു’, എന്നാണ് ‘വിസിറ്റ് മാലദ്വീപ്’ എന്ന ഹാഷ്ടാഗോടെ മന്ത്രി എക്സിൽ പോസ്റ്റിട്ടത്. പരാമർശം വിവാദമായതിന് പിന്നാലെ ഇത് മന്ത്രി നീക്കിയിരുന്നു.
പക്ഷെ ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചു. മാലിദ്വീപിലെ മുഹമ്മദ് മുയിസൂ സർക്കാരിനോട് ഇന്ത്യ ഇക്കാര്യം ഉന്നയിക്കുകയം ചെയ്തിരുന്നു. മന്ത്രിയുടെ പരാമർശത്തിൽ മാലെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ എതിർപ്പിന് പിന്നാലെ അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് മാലിദ്വീപ് സർക്കാർ പ്രസ്താവനയിറക്കി രംഗത്തെത്തി. മന്ത്രിയുടെ അഭിപ്രായങ്ങൾ മാലിദ്വീപ് സർക്കാരിൻ്റേതല്ലെന്നും സർക്കാർ വ്യക്തമാക്കി.
തുടർന്ന് നടപടികളുമായി മാലിദ്വീപ് സർക്കാർ രംഗത്ത് എത്തി. പ്രധാനമന്ത്രി മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് മന്ത്രി മറിയം ഷിയുനയെയും മൽഷ ഷെരീഫിനെയും മഹ്ജൂം മജീദിനെയും സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ മന്ത്രിമാർക്കെതിരെ മാലിദ്വീപ് മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദും ഇബ്രാഹിം സ്വാലിഹും ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ‘ബോയ്കോട്ട് മാൽദീവ്സ്’ കാമ്പയിൻ ആരംഭിക്കുകയും ബോളിവുഡ് താരങ്ങൾ അടക്കമുള്ള പ്രമുഖർ മന്ത്രിമാരുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടി.














