
മാലദ്വീപ്: ഇന്ത്യയുടെ ദേശീയ പതാകയിലെ അശോക സ്തംഭത്തെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മാലദ്വീപ് മുൻമന്ത്രി മരിയം ഷിവുന ക്ഷമാപണവുമായി രംഗത്ത്. നേരത്തെ ഇന്ത്യക്കെതിരെ പരാമർശത്തിന്റെ പേരിലാണ് ഇവർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. മരിയത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ക്ഷമാപണം.
പ്രതിപക്ഷ പാർട്ടി മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിൽ പാർട്ടി ലോഗോയ്ക്ക് പകരം അശോകസ്തംഭത്തോട് സാമ്യമുള്ള ചിത്രമായിരുന്നു മരിയം ചേർത്തത്. തുടർന്ന് ഇന്ത്യൻ പതാകയെ നിന്ദിച്ചു എന്നുചൂണ്ടിക്കാട്ടി നിരവധി പേർ മരിയത്തിനെതിരെ രംഗത്ത് വന്നു. ഇതോടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യയെയോ ഇന്ത്യൻ ദേശീയ പതാകയെയോ അപകീർത്തിപ്പെടുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതിപക്ഷ പാർട്ടിയെ വിമർശിക്കുകയാണ് ചെയ്തതെന്നും മരിയം വ്യക്തമാക്കി.
മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയ്ക്കുള്ള പ്രതികരണത്തിൽ ഉപയോഗിച്ച ചിത്രം ഇന്ത്യൻ ദേശീയ പതാകയുടേതിന് സമാനമാണെന്ന് പലരും ചൂണ്ടിക്കാണിച്ചു. യാദൃച്ഛികമായി അങ്ങനെ സംഭവിച്ചുപോയതാണ്. അതുമൂലം എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർഥമായി പശ്ചാത്തപിക്കുന്നുവെന്നും മരിയം എക്സിൽ കുറിച്ചു.
Maldives ex minister apologies for anti indian remarks