
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മാലിദ്വീപ് മന്ത്രി നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്ത് ദ്വീപരാഷ്ട്രം. മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു പ്രസ്താവനയിൽ മാലിദ്വീപ് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ മന്ത്രിമാർക്കെതിരെ മാലിദ്വീപ് മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദും ഇബ്രാഹിം സ്വാലിഹും ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ‘ബോയ്കോട്ട് മാൽദീവ്സ്’ കാമ്പയിൻ ആരംഭിക്കുകയും ബോളിവുഡ് താരങ്ങൾ അടക്കമുള്ള പ്രമുഖർ മന്ത്രിമാരുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടി.
വിദേശ നേതാക്കള്‍ക്കും ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലിദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണ്. അഭിപ്രായ സ്വാതന്ത്ര്യം, യാതൊരു വിദ്വേഷ പ്രകടനങ്ങളുമില്ലാതെ, രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധത്തെ ഉലയ്ക്കാതെ, ജനാധിപത്യപരമായും ഉത്തരവാദിത്വപൂര്‍ണമായും വിനിയോഗിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഭരണകൂടമാണ് മാലിദ്വീപിലേതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട അധികാരികള്‍ മടിക്കില്ലെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമെന്നാണ് ലക്ഷദ്വീപിനെ കുറിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. മനോഹാരിതക്കപ്പുറം ലക്ഷ്യദ്വീപിന്‍റെ ശാന്തതയും മാസ്മരികമാണെന്നും 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കഠിനമായി പ്രയത്നിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാന്‍ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ടായിരുന്നു.
ഇതിന് പിന്നാലെ മാലദ്വീപ് മന്ത്രി മറിയം ഷിവൂന അധിക്ഷേപ പരാമർശവുമായി രംഗത്തെത്തി. ‘എന്തൊരു കോമാളിയാണിയാൾ. ഇസ്രയേലിന്റെ കളിപ്പാവയായ നരേന്ദ്രയെന്ന മുങ്ങൾ വിദഗ്ധൻ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു’, എന്നാണ് ‘വിസിറ്റ് മാലദ്വീപ്’ എന്ന ഹാഷ്ടാഗോടെ മന്ത്രി എക്സിൽ പോസ്റ്റിട്ടത്. പരാമർശം വിവാദമായതിന് പിന്നാലെ ഇത് മന്ത്രി നീക്കിയിരുന്നു.














