
മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഒപ്പുശേഖരണം നടത്തിയതായി മാലിദ്വീപ് പ്രാദേശിക മാധ്യമമായ ദി സൺ റിപ്പോർട്ട്.
എംഡിപിയിൽ നിന്നുള്ള ഒരു അംഗത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഡെമോക്രാറ്റുകളുടെ പങ്കാളിത്തത്തോടെ എംഡിപി ഇംപീച്ച്‌മെൻ്റ് പ്രമേയത്തിനായി ഒപ്പ് ശേഖരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
മാലിദ്വീപ് പാർലമെൻ്റിൽ കഴിഞ്ഞദിവസം നടന്ന കയ്യാങ്കളിയെ തുർന്നാണ് കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിക്കാൻ സാധിക്കാതിരുന്നത്. എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 34 അംഗങ്ങൾ പ്രമേയത്തിന് പിന്തുണ നൽകിയതായാണ് റിപ്പോർട്ട്.
പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്തും പോലീസ് സുരക്ഷ ശക്തമാക്കി. ഭരണകക്ഷിയിലെ നാല് അംഗങ്ങള്‍ മുയിസുവിന്റെ മന്ത്രിസഭയില്‍ ചേരുന്നതിന് അംഗീകാരം നല്‍കാന്‍ മാലിദ്വീപ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള എംഡിപി വിസ്സമതിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ചേമ്പറില്‍ കടക്കാന്‍ ശ്രമിച്ച പ്രതിപക്ഷ എംപിമാരെ ഭരണപക്ഷ എംപിമാര്‍ തടയാന്‍ ശ്രമിച്ചിരുന്നു.