
പത്തനംതിട്ട: മല്ലുകുടിയന്‍ എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ സ്ഥിരമായി മദ്യപാനം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്ത അഭിജിത്ത് അനില്‍ അറസ്റ്റിലായി. തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി പ്രസന്നനും സംഘവുമാണ് 26 കാരനായ അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.
കേരള അബ്കാരി നിയമം സെക്ഷന്‍ 55 (എച്ച്) പ്രകാരമാണ് തിരുവല്ല പെരിങ്ങര സ്വദേശി അഭിജിത്തിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നേരത്തെ യൂട്യൂബില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മിച്ചതിനും ചെര്‍പ്പുളശ്ശേരി സ്വദേശി അക്ഷജിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമാന രീതിയിലുള്ള വീഡിയോ പ്രോത്സാഹിപ്പിക്കുന്ന അഭിജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ചു യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് അക്ഷജിന്റെ വീട് എക്സൈസ് റെയ്ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അക്ഷജിനെ കോടതി പത്തുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അക്ഷജ് ജയില്‍ ജീവിതത്തെക്കുറിച്ച് വീഡിയോ ചെയ്തത് വൈറലായിരുന്നു. ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയതിന് പിന്നാലെയാണ് അക്ഷജ് ജയിലിലെ തന്‍ന്റെ ജീവിതത്തെക്കുറിച്ച് വീഡിയോ ചെയ്തത്.











