രാമക്ഷേത്ര ഉദ്ഘാടന ദിവസം സൗഹാർദ റാലിയുമായി മമത ബാനർജി; വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിക്കും

കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കിടയിൽ ജനുവരി 22 ന് കൊൽക്കത്തയിൽ എല്ലാ മതസ്ഥരുമായുള്ള ‘സൗഹാർദ റാലി’ നയിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച അറിയിച്ചു.

കാളിഘട്ട് ക്ഷേത്രത്തിൽ കാളി ദേവിയെ വണങ്ങിയ ശേഷം തെക്കൻ കൊൽക്കത്തയിലെ ഹസ്ര ക്രോസിംഗിൽ നിന്ന് ഘോഷയാത്ര ആരംഭിക്കുമെന്ന് ഭരണകക്ഷിയായ ടിഎംസി മേധാവി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രമാണ് ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം എന്നതിനാൽ അതിൽ പങ്കെടുക്കില്ലെന്ന് മമത നേരത്തെ വ്യക്തമാക്കിയിരുന്നു.

“ജനുവരി 22ന് ഞാൻ കാളിഘട്ട് ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തും. തുടർന്ന് എല്ലാ മതസ്ഥരുമായി ചേർന്ന് സൗഹാർദ റാലിയിൽ പങ്കെടുക്കും. മസ്ജിദുകൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവയുൾപ്പെടെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിച്ച് റാലി പാർക്ക് സർക്കസ് മൈതാനിയിൽ സമാപിക്കും,” മമത പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ റാലികൾ സംഘടിപ്പിക്കാനും മമത ബാനർജി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ‘പ്രാൺ പ്രതിഷ്ഠ’ നടത്തുന്നത് രാഷ്ട്രീയക്കാരുടെ ജോലിയല്ലെന്നും പൂജാരിമാരുടെ ജോലിയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ് തങ്ങളുടെ ജോലിയെന്നും മമത കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide