
കൊൽക്കത്ത: രാജ്യത്തെ ഭരണഘടനയെ അട്ടിമറിക്കാനും ഏകാധിപത്യം കൊണ്ടുവരാനുമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിലൂടെ ശ്രമിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിഷയത്തിൽ ആശയപരമായ എതിർപ്പുകളുണ്ടെന്നും താൻ ഏകാധിപത്യത്തിന് എതിരായതിനാൽ ഈ ആശയത്തേയും എതിർക്കുന്നെന്നും മമത പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും ഉപദേശങ്ങളും തേടി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകുന്ന ഉന്നതതല കമ്മിറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കയച്ച കത്തിന് മറുപടിയായാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഫെഡറൽ സംവിധാനത്തിനെതിരായി ഇതിനോടകം കേന്ദ്രം കെെക്കൊണ്ട തീരുമാനം കമ്മിറ്റി തങ്ങളെ അറിയിക്കുന്നതായാണ് തോന്നുന്നതെന്നും മമത പരിഹസിച്ചു.
ഒരു രാജ്യം എന്ന പ്രയോഗമുണ്ടാക്കുന്ന ഭരണഘടനാപരമായ പ്രത്യാഘാതങ്ങളും ആശയം നിലവിൽ വരുന്നതോടെ പാർലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകളിൽ നിലവിലെ വോട്ടെടുപ്പ് പ്രക്രിയയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ ആശയത്തെ എതിർക്കാൻ പ്രധാനമായും മമത ചൂണ്ടിക്കാട്ടിയ കാരണം.
വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് തിരഞ്ഞെടുപ്പ്. അവ അതാത് പ്രദേശത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് വിധേയമാണ്. സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാതിരിക്കുന്ന സന്ദർഭങ്ങളിൽ ഒരു ആശയം അടിച്ചേൽപ്പിക്കുന്നതിന് വേണ്ടി അവരെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടരരുതെന്നും മമത പറഞ്ഞു.