
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് കനത്ത തിരിച്ചടി നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനം എത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനൊരുങ്ങുകയാണ് മമതാ ബാനര്‍ജി.
സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യ മുന്നണിയില്‍ നിന്ന് മാറി തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ മുകുള്‍ വാസ്‌നികിന്റെ നേതൃത്വത്തിലുള്ള സഖ്യസമിതി തൃണമൂല്‍ അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചകള്‍ തുടരാനിരിക്കെയാണ് മമതയുടെ കനത്ത പ്രഹരമെത്തിയത്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഇന്ത്യ മുന്നണിയിലെ പ്രധാന അംഗമായ കോണ്‍ഗ്രസുമായുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് കാരണം.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി അവസരവാദിയാണെന്നും ബംഗാളില്‍ മത്സരിക്കാന്‍ അവരുടെ കരുണ വേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്നുള്ള പ്രഖ്യാപനവുമായി മമത ബാനര്‍ജി രംഗത്തെത്തിയത്.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടി എം സി തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വ്യക്തമാക്കിയത്.