യുകെയിലും മമ്മൂട്ടി ചിത്രത്തിന് ഫാൻസ് ഷോ; ‘ഭ്രമയുഗം’ എത്തുന്നത് ഫെബ്രുവരി 15ന്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഇതുവരെ കാണാത്ത വേഷത്തിലായിരിക്കും ഈ ഹൊറര്‍ ത്രില്ലറില്‍ കാണാനാകുക എന്നാണ് തുടക്കംമുതലുള്ള അഭ്യൂഹങ്ങള്‍. റിലീസ് ദിനം രാവിലെ ഏഴ് മണിക്ക് ചിത്രത്തിന്റെ ഫാന്‍സ് ഷോ ആരംഭിക്കും. എഴ് മണിക്കും, ഏഴരയ്ക്കുമായി രണ്ട് ഫാന്‍സ് ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിലാണ് ചിത്രം റിലീസിനെത്തുന്നത്. യുകെയില്‍ രാവിലെ എട്ട് മണിക്കും ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്.

ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ഭ്രമയുഗം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 22ല്‍ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ജോര്‍ജിയ, ഫ്രാന്‍സ്, പോളണ്ട്, മാള്‍ട്ട, ഉസ്‌ബെക്കിസ്ഥാന്‍, ഓസ്ട്രിയ, മോള്‍ഡോവ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ റിലീസ് ഉണ്ടാകും. യുഎഇ, സൗദ് അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നീ ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ ഇടങ്ങളിലും സിനിമയ്ക്ക് റിലീസുണ്ട്.

യുകെയിൽ ഇതിനകം അഡ്വാൻസ്ഡ് ബുക്കിങ് ആരംഭിച്ചു. സിനിവേള്‍ഡ്, ഒഡിയോണ്‍, വ്യൂ തുടങ്ങി യുകെയിലെ പ്രധാനപ്പെട്ട മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലൊക്കെ ഭ്രമയുഗം എത്തുന്നുണ്ട്. ആകെ 53 സെന്‍ററുകളിലെ 72 ഷോകളില്‍ നിന്നായി 1355 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ മൂവി പ്ലാനെറ്റ് അറിയിക്കുന്നു. ഇതില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 8000 പൗണ്ടിന് മുകളിലാണ്. ഇന്ത്യന്‍ രൂപയില്‍ ഇത് 8.3 ലക്ഷമാണ്. ആറാം തീയതിയാണ് യുകെയില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയത്.