
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹഷ്-മണി വിചാരണ നടക്കുന്ന ന്യൂയോര്‍ക്ക് കോടതിക്ക് പുറത്ത് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. ഫ്ലോറിഡയില്‍ നിന്നുള്ള 37 കാരനായ മാക്‌സ് അസാരെല്ലോയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ചയാണ് യുവാവിന് ഗുരുതരമായി പൊള്ളലേറ്റത്.
വിവാഹേതര ബന്ധം മറച്ചു വയ്ക്കാന്‍ പോണ്‍സ്റ്റാര്‍ സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസിലെ വിചാരണക്കുള്ള ജൂറി തിരഞ്ഞെടുപ്പ് നടക്കുന്ന കോടതിക്കുമുന്നിലെത്തിയ യുവാവ് കയ്യില്‍ കരുതിയിരുന്ന കുറച്ചു ലഘു ലേഖകള്‍ വാരി എറിഞ്ഞ ശേഷം ഒരു ക്യാനില്‍ കരുതിയിരുന്ന ഇന്ധനം ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
കണ്ടുനിന്നവരും കോടതി ജീവനക്കാരും പൊലീസും ഇയാളെ രക്ഷിക്കാന്‍ ഓടിയെത്തുകയും തൊട്ടടുത്തു നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫയര്‍ എക്‌സിറ്റിന്‍ഗുഷര്‍ പ്രവര്‍ത്തിപ്പിച്ച് തീയണയ്ക്കുകയുമായിരുന്നു. ഉടന്‍തന്നെ ഇയാളെ കോണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.