
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാല് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച 55കാരൻ അറസ്റ്റിൽ. ഗാസിയാബാദിലെ അംബേദ്കര്‍ നഗറിലുള്ള വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്.
സെയില്‍സ് ജീവനക്കാരനായ ഭരത് ആണ് കേസില്‍ അറസ്റ്റിലായത്. ഫെബ്രുവരി 27ന് ആണ് ഭരത് ഭാര്യ സുനിതയെ കൊലപ്പെടുത്തുന്നത്. കൃത്യത്തിന് ശേഷം മൃതദേഹം മുറിക്കുള്ളില്‍ സൂക്ഷിച്ച പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ പരിശോധനയില്‍ സുനിതയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭരതിന്റെയും സുനിതയുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ ഭരത് ആദ്യ ഭാര്യയുമായി ബന്ധം തുടര്‍ന്നതും സാമ്പത്തിക സഹായം നല്‍കിയതും ദമ്പതികള്‍ക്കിടയില്‍ വഴക്കിന് കാരണമായി. ഈ വഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഇവരുടെ വീട്ടില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.