
മീററ്റ്: യുപിയിലെ ബാഗ്പത് സ്വദേശിയായ 45 കാരനെ കാണാതായതിനെത്തുടര്‍ന്ന് മരിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴിതാ മരിച്ചതായി പൊലീസ് പറഞ്ഞ ആളെ അഞ്ച് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ജീവനോടെ കണ്ടെത്തിയിരിക്കുകയാണ്.
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ ഒരു സ്ത്രീക്കും നാല് കുട്ടികള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്.
പോലീസ് പറയുന്നതനുസരിച്ച്, ബാഗ്പത്തിലെ സിംഗാവലി അഹിര്‍ നിവാസിയായ യോഗേന്ദ്ര കുമാറിനും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര്‍ക്കുമെതിരെ ഗ്രാമവാസിയായ വേദ് പ്രകാശ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 325 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് കേസെടുത്തത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കേസിനെ തുടര്‍ന്ന് 2018 ല്‍ യോഗേന്ദ്ര കുമാറിനെ കാണാതായി.
പ്രകാശ് യോഗേന്ദ്ര കുമാറിനെ കൊലപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ കുടുംബം സംശയിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, കോടതി ഉത്തരവിനെത്തുടര്‍ന്ന്, പ്രകാശിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 364 (തട്ടിക്കൊണ്ടുപോകല്‍), 302 (കൊലപാതകം) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ കുമാര്‍ മരിച്ചതായി തെളിയിക്കുന്ന കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
അതേസമയം, ഒരു കേസില്‍ ജാമ്യം ലഭിക്കാന്‍ കോടതിയില്‍ എത്തിയ യോഗേന്ദ്ര കുമാര്‍ ഡല്‍ഹിയില്‍ ഉണ്ടെന്നുള്ള വിവരം പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഒരു ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയും അതേ പേരില്‍ത്തന്നെ തുടരുകയുമായിരുന്നു.
തനിക്ക് പ്രകാശുമായി വൈരാഗ്യമുണ്ടായിരുന്നുവെന്നും തുടര്‍ന്ന് വീടുവിട്ട് ഡല്‍ഹിയിലെത്തി രോഹിണിയിലുള്ള ഒരു സ്ത്രീയോടൊപ്പം താമസിക്കുകയായിരുന്നുവെന്നും യോഗേന്ദ്ര കുമാര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, യുപിയിലെ കുടുംബം കരുതിയിരുന്നത് ഇയാളെ ശത്രുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ്. യു.പിയിലെ ബാഗ്പത്തിലെ യോഗേന്ദ്ര കുമാറിന്റെ ഭാര്യ റീത്തയാകട്ടെ സത്യമറിയാതെ ഭര്‍ത്താവിന്റെ ‘വിയോഗത്തില്‍’ ദുഖത്തിലുമായിരുന്നു.