
മാനന്തവാടി: വയനാട്ടില്‍ തിരുനെല്ലിയിലും മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാട്ടനയുടെ സാന്നിധ്യമുള്ളതിനാല്‍ മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ രേണു രാജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം, കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ അതി ദാരുണമായി കൊല്ലപ്പെട്ട അജീഷിന്റെ സംസ്‌കാരം ഇന്നലെ വൈകിട്ട് നടന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു നാട് അജീഷിനെ യാത്രയാക്കിയത്. അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം അറിയിച്ചു.
വന്യമൃഗശല്യം കൂടുന്നതില്‍ പ്രതിഷേധിച്ച് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്) ചൊവ്വാഴ്ച വയനാട് ജില്ലയില്‍ മനസ്സാക്ഷി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.