യുകെയിൽ 24 കാരിയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയിൽ കണ്ടെത്തി, ഇന്ത്യൻ വംശജനായ ഭർത്താവിനെ കാണാനില്ല; തിരച്ചിൽ ശക്തമായി പൊലീസ്

ലണ്ടന്‍: യു കെയിൽ 24 കാരിയായ യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയിൽ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തം. ബ്രിട്ടനിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ താമസിക്കുന്ന ഹര്‍ഷിത ബ്രെല്ലയുടെ (24) മൃതദേഹമാണ് ഈസ്റ്റ് ലണ്ടനില്‍ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യൻ വംശജനായ ഭർത്താവ് പങ്കജ് ലാംബയെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവില്‍ പോയതാണെന്ന സംശയത്തിലാണ് യു കെ പൊലീസ്. പങ്കജ് ലാംബയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്ന് യു കെ പൊലീസ് അറിയിച്ചു. പങ്കജ് ലാംബ രാജ്യം വിട്ടതായാണ് യു കെ പൊലീസ് സംശയിക്കുന്നത്.

ഈ മാസം ആദ്യമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. നോർത്താംപ്‌ടൺഷെയറിൽ നിന്ന് കാറിൽ ഹർഷിതയുടെ മൃതദേഹം ഇൽഫോഡിലെത്തിച്ചശേഷം പങ്കജ് രാജ്യം വിട്ടെന്നാണ് സംശയമെന്ന് നോർത്താംപ്‌ടൺഷെയർ പൊലീസ് മേധാവി പോൾ കാഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് വ്യക്തമാക്കിയ യു കെ പൊലീസ് ചിത്രമടക്കം പുറത്തുവിട്ടിട്ടുണ്ട്.കഴിഞ്ഞ സെപ്‌തംബറിൽ ഹർഷിതയ്ക്കായി യു കെ കോടതി ഗാർഹിക പീഡന സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഹർഷിതയുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ബുധനാഴ്‌ച ഫോൺ സന്ദേശം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലുള്ള ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഹർഷിതയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്‌ച ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Also Read

More Stories from this section

family-dental
witywide