മണിപ്പൂരിൽ കലാപം പടരുന്നതിനിടെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി, അടിയന്തര യോഗം വിളിച്ച് അമിത് ഷാ

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സഖ്യ സര്‍ക്കാരില്‍ നിന്നും പിന്മാറി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി). ബിജെപി കഴിഞ്ഞാല്‍ സര്‍ക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എന്‍പിപി. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് പിന്മാറ്റം. എന്‍പിപിയുടെ 7 എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. എൻ പി പി പിന്തുണ പിൻവലിച്ചെങ്കിലും ഭരണത്തെ ബാധിക്കില്ല.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ക്രമസമാധാനത്തെക്കുറിച്ച് അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് എന്‍ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പിന്‍വലിച്ചത്. സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും മണിപ്പൂര്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി അഭിപ്രായപ്പെട്ടു.

അതേസമയം മണിപ്പുരില്‍ വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടൽ കർശനമാക്കി. മഹാരാഷ്ട്രയിലെ തിര‍ഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയ ആഭ്യന്തരമന്ത്രി സുരക്ഷാ അവലോകന യോഗം വിളിച്ചു. സിആര്‍പിഎഫ് മേധാവി മണിപ്പുരിലേക്ക് പോകും. സായുധ സേനയുടെ പ്രത്യേക അധികാരനിയമം പിന്‍വലിക്കണമെന്ന മണിപ്പുര്‍ സര്‍ക്കാരിന്‍റെ ആവശ്യത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

മൂന്നിടങ്ങളിലെ റാലികള്‍ റദ്ദാക്കിയാണ് അമിത് ഷാ മഹാരാഷ്ട്രയില്‍നിന്ന് മടങ്ങിയത്. ഇന്‍റലിജന്‍സ് ബ്യൂറോ, കരസേന, മറ്റ് കേന്ദ്രസേനകള്‍ എന്നിവരുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യം വിലയിരുത്തും. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിവിധ സേനാ വിഭാഗങ്ങള്‍ക്ക് നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അസം – മണിപ്പുര്‍ അതിര്‍ത്തിയായ ജിരിബാമില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ വ്യാപക ആക്രമണമുണ്ടായി. മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്‍റെ സ്വകാര്യ വസതിക്കുനേരെയും ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ഇംഫാലില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. 23 പേര്‍ അറസ്റ്റിലായി. 20 ദിവസത്തിനുള്ളില്‍ കുക്കി – മെയ്തെയ് വിഭാഗങ്ങളിലായി ഇരുപതോളം പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇതില്‍ സായുധ സേനയുടെ വെടിയേറ്റ് മരിച്ചവരും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരുമുണ്ട്.

Also Read

More Stories from this section

family-dental
witywide