വയനാട്: കാട്ടാനയുടെ അതിക്രൂരമായ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്നും ബിഷപ്പിന്റെ ആവശ്യം.
മലയോര കര്‍ഷകര്‍ നേരിടുന്ന വന്യജീവി ആക്രമണം വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യജീവികള്‍ ജനവാസ മേഖലയിലിറങ്ങിയ ഘട്ടത്തില്‍ യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യജീവന് സര്‍ക്കാര്‍ വിലയിടുന്നത് 10 ലക്ഷം രൂപ മാത്രമാണെന്നും സര്‍ക്കാരിന്റെ പണമല്ല കര്‍ഷകന് വേണ്ടത്, അവന്റെ സ്വത്തിനും, ജീവനും സുരക്ഷിതത്വമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ എത്ര മുറവിളി കൂട്ടിയാലും അവര്‍ അസംഘടിതരാണെന്നതിനാലാണ് ഈ അവഗണനയെന്നും ബിഷപ് കുറ്റപ്പെടുത്തി.