‘ജനങ്ങൾ തെരുവിലിരുന്നാൽ രാജ്യം പുരോഗമിക്കില്ല’; വിനേഷ് ഫോഗട്ട് കർഷകസമര വേദിയിൽ

ന്യൂഡൽഹി: പ്രതിഷേധക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ഹരിയാനയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന ശംഭു അതിർത്തിയിലെ കർഷക സംഘങ്ങളുടെ വൻ പ്രതിഷേധ ആഹ്വാനത്തിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് പങ്കുചേർന്നു. തങ്ങളുടെ വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നൽകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 13-ന് നൂറുകണക്കിന് കർഷകർ ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യാൻ തുടങ്ങിയിട്ട് 200 ദിവസം തികയുന്നു.

ആളുകൾ ഇങ്ങനെ തെരുവിൽ ഇരുന്നാൽ രാജ്യം പുരോഗമിക്കില്ലെന്ന് ശംഭു അതിർത്തിയിൽ കർഷകരെ അഭിസംബോധന ചെയ്തു സംസാരിച്ച വിനേഷ് പറഞ്ഞു.

“അവർ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് 200 ദിവസമായി. ഇത് കാണുമ്പോൾ വേദന തോന്നുന്നു. ഇവരെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്. കർഷകരാണ് രാജ്യം ഭരിക്കുന്നത്. അവരില്ലാതെ ഒന്നും സാധ്യമല്ല, അത്ലറ്റുകൾ പോലും – അവർ ഞങ്ങൾക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ, ഞങ്ങൾക്ക് മത്സരിക്കാൻ കഴിയില്ല. പലപ്പോഴും ഞങ്ങൾ നിസ്സഹായരാണ്, ഒന്നും ചെയ്യാൻ കഴിയില്ല, ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വലിയ തലങ്ങളിൽ ആണ്, പക്ഷേ ഞങ്ങളുടെ കുടുംബം സങ്കടപ്പെടുന്നത് കാണുമ്പോൾ പോലും ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”

“അവർ കേൾക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ തവണ തെറ്റ് സമ്മതിച്ചു, നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. ആളുകൾ ഇങ്ങനെ തെരുവിൽ ഇരുന്നാൽ രാജ്യം പുരോഗമിക്കില്ല,” വിനേഷ് പറഞ്ഞു.

വിനേഷ് ഫോഗട്ടിനെ കർഷകർ ഹാരമണിയിച്ചാണ് ആദരിച്ചത്. പ്രതിഷേധം സമാധാനപരമായും എന്നാൽ തീവ്രതയോടെയുമാണ് നടക്കുന്നതെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. കേന്ദ്രം തങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പരാമർശിച്ചു.

More Stories from this section

family-dental
witywide