
മയാമി: മയാമിയിലെ നാല് നിലകളുള്ള അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. രാവിലെ 8:15 ഓടെ തീപിടിത്തത്തെക്കുറിച്ച് ഫോൺ കോൾ ലഭിച്ചതിനെത്തുടർന്ന് മയാമി ഡൗൺ ടൌണിനടുത്തുള്ള ഇൻ്റർസ്റ്റേറ്റ് 95 ന് പടിഞ്ഞാറുള്ള കെട്ടിടത്തിൽ അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും എത്തി. കെട്ടിടത്തിൻ്റെ ബാൽക്കണി വഴി താമസക്കാരെ രക്ഷപ്പെടുത്തിയതായി മിയാമി മേയർ ഫ്രാൻസിസ് സുവാരസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഭവസ്ഥലത്ത് വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയതായും സുവാരസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ചും വെടിവെപ്പിനെക്കുറിച്ചും ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി സുവാരസ് അറിയിച്ചു.
രണ്ട് അഗ്നിശമന സേനാംഗങ്ങളെ ചൂടമൂലമുള്ള ക്ഷീണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇരുവരുടെയും നില തൃപ്തികരമാണെന്നും മേയർ പറഞ്ഞു. തീപിടിത്തം ഒറ്റപ്പെട്ട സംഭവമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മിയാമി നദിക്ക് സമീപമുള്ള ടെമ്പിൾ കോർട്ട് അപ്പാർട്ട്മെൻ്റ് സമുച്ചയം ഒരു കിടപ്പുമുറിയും സ്റ്റുഡിയോ യൂണിറ്റുകളും ചേർന്നതാണ്.