ന്യൂഡല്‍ഹി: പാപ്പുവ ന്യൂ ഗിനിയയിലെ ഗ്രാമപ്രദേശത്ത് വെള്ളിയാഴ്ച വന്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ട്. നൂറോളം പേരെങ്കിലും മരിച്ചതായി സംശയമുണ്ട്. കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിയോടെ പാപുവ ന്യൂ ഗിനിയയുടെ വിദൂര എന്‍ഗ പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
വലിയൊരു മലയില്‍ നിന്നും മണ്ണും പാറക്കഷ്ണങ്ങളും ഇളകി വീഴുകയും ഗ്രാമത്തിലെ തകരം കൊണ്ട് തീര്‍ത്ത നിരവധി പാര്‍പ്പിടങ്ങളെ നിലം പരിശാക്കുകയും ചെയ്ത ദുരന്തമാണ് സംഭവിച്ചത്. അപകട സമയത്ത് ഇവിടെയുണ്ടായിരുന്നവരെയെല്ലാം പാഞ്ഞെത്തിയ കല്ലും മണ്ണും മൂടിയതായാണ് വിവരം. അപകടത്തില്‍പ്പെട്ട തങ്ങളുടെ പ്രിയപ്പട്ടവര്‍ക്കായുള്ള നിലവിളിയിലായിരുന്നു ഗ്രാമവാസികള്‍. തങ്ങളെക്കൊണ്ട് കഴിയുന്ന തരത്തില്‍ കല്ലും മണ്ണും മാറ്റി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു അവശേഷിച്ചവര്‍.
ഭൂമധ്യരേഖയ്ക്ക് തൊട്ടു തെക്ക് സ്ഥിതിചെയ്യുന്ന ഈ ഗ്രാമ പ്രദേശത്ത് ഇടയ്ക്കിടെ കനത്ത മഴ പെയ്യാറുണ്ട്. ഈ വര്‍ഷം ഇവിടെ ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ ഈ ഗ്രാമത്തിന് സമീപ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 23 പേരോളം മരണത്തിന് കീഴടങ്ങിയിരുന്നു.