വന്നു, കണ്ടു, ബാക്ക് അക്കൗണ്ട് ‘കീഴടക്കി’; ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴികളില്‍ ലക്ഷങ്ങള്‍ നഷ്ടമായി യുവാക്കള്‍

കാലം മാറിയപ്പോള്‍ പ്രണയവും പ്രണയത്തിന്റെ രീതികളും മാറി. ഇപ്പോള്‍ ഡേറ്റിങ് ആപ്പുകളിലൂടെയാണ് പ്രണയങ്ങള്‍ മൊട്ടിടുന്നതും വിടരുന്നതും പൂക്കുന്നതും മിക്കപ്പോഴും കൊഴിയുന്നതും. ഡല്‍ഹിയില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന യുവാവിന് ഈ പ്രണയക്കെണിയില്‍ നഷ്ടമായത് 1,20,000 രൂപയാണ്. അതും ഒരു കഫെയിലെ ബില്ലിന്റെ രൂപത്തില്‍. ഡേറ്റിങ് ആപ്പായ ടിന്‍ഡറിലെ അനേകം ചതികളില്‍ ഒന്നുമാത്രമാണിത്. എന്നാല്‍ തങ്ങള്‍ ഡേറ്റിങ് ആപ്പുകളില്‍ സജീവമാണെന്ന വിവരം വീട്ടുകാരെ അറിയിക്കാന്‍ മടിക്കുന്ന പലരും ഈ നഷ്ടക്കണക്കുകള്‍ പുറത്തു പറയുന്നില്ലെന്നു മാത്രം. ഇങ്ങനെ ആദ്യത്തേ ഡേറ്റില്‍ തന്നെ റസ്റ്ററന്റുകളിലും കഫെകളിലും ലക്ഷങ്ങളുടെ ബില്ലുകള്‍ അടയ്‌ക്കേണ്ടി വന്നവരുടെ കഥകളാണ് റെഡ്ഡിറ്റില്‍ കൂടുതലും.

ഡേറ്റിങ് ആപ്പില്‍ കണ്ടുമുട്ടുന്ന യുവതി വാട്ട്‌സ്ആപ്പ് നമ്പര്‍ കൈമാറുന്നു. രണ്ടുപേരും സംസാരിക്കാന്‍ ആരംഭിക്കുന്നു. പിന്നീട് നേരില്‍ കാണാന്‍ തീരുമാനിക്കുന്നു. നിരവധി കഫെകളും പബ്ബുകളുമുള്ള ഒരു പ്രദേശത്തേക്കാണ് യുവാവിനെ ആദ്യത്തെ ഡേറ്റിനായി വിളിക്കുന്നത്. കഫെയുടെ പേരോ എത്തേണ്ട വഴിയോ ചോദിക്കുമ്പോള്‍ അടുത്തുള്ള ഏതെങ്കിലും മെട്രോ സ്‌റ്റേഷനിലേക്ക് എത്താനും അവിടെ നിന്ന് ഒന്നിച്ചു പോകാമെന്നും പറയുന്നു.

കഫെയില്‍ എത്തിക്കഴിഞ്ഞാല്‍ യുവതിയാണ് ഓര്‍ഡര്‍ ചെയ്യാന്‍ മുന്‍കൈ എടുക്കുന്നത്. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവാവ് പ്രത്യേകിച്ച് ഒന്നും സംശയിക്കുന്നില്ല. ഉടന്‍ അടുത്ത നീക്കം. മെനുവില്‍ ഇല്ലാത്ത എന്തെങ്കിലും ഒന്ന് പെണ്‍കുട്ടി ഓര്‍ഡര്‍ ചെയ്യും. പിന്നീട് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് പിന്നീട് വരാമെന്ന് പറഞ്ഞ് കഫെയില്‍ നിന്ന് ഇറങ്ങിപ്പോകും. ബില്‍ വരുമ്പോഴാണ് താന്‍ വിചാരിച്ചതൊന്നുമല്ലിത് എന്ന് ഇരയായ വ്യക്തി മനസിലാക്കുന്നത്. പ്രതിഷേധിക്കാന്‍ നിന്നാല്‍ കഫെയിലെ ജീവനക്കാരുടെ ഭീഷണി വേറെ. മറ്റ് വഴികളൊന്നുമില്ലാതെ ബില്ലടച്ച് തിരിച്ചിറങ്ങുന്നു. ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വീട്ടുകാരറിഞ്ഞാലോ എന്ന് ഭയന്ന് മിക്ക ഇരകളും മൗനം പാലിക്കുകയാണ്.

ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നയാള്‍ കബളിപ്പിക്കപ്പെട്ട സംഭവത്തില്‍, കഫേ ഉടമ അക്ഷയ് പഹ്വയെയും ഇരയുടെ ‘ഡേറ്റ്’ അഫ്സാന്‍ പര്‍വീനെയും പോലീസ് അറസ്റ്റ് ചെയ്തു. കഫേ ഉടമകള്‍, മാനേജര്‍മാര്‍, യുവാക്കളെ ലക്ഷ്യമിട്ടെത്തുന്ന സ്ത്രീകള്‍ എന്നിങ്ങനെ നിരവധിപേര്‍ ഉള്‍പ്പെടുന്ന വിപുലമായ സംവിധാനത്തിലാണ് ഈ തട്ടിപ്പ് വളരുന്നതെന്ന് പോലീസ് പറയുന്നു. ഓരോരുത്തര്‍ക്കും അവരുടെ വിഹിതമുണ്ട്. ബില്ലിന്റെ 15 ശതമാനം സ്ത്രീക്കും 45 ശതമാനം മാനേജര്‍മാര്‍ക്കും ബാക്കി 40 ശതമാനം ഉടമകള്‍ക്കും നല്‍കുന്നുവെന്ന് അക്ഷയ് പഹ്വ പോലീസിനോട് പറഞ്ഞു.

ഡല്‍ഹിയില്‍ മാത്രമല്ല, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സിറ്റികളിലെല്ലാം ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളും ഈ തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഈ മാസം ആദ്യം, ഡേറ്റിംഗ് ആപ്പുകളില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ വീടുകളില്‍ മോഷണം നടത്തുകയും ചെയ്തതിന് രണ്ട് പുരുഷന്മാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിജയകുമാര്‍ കമല്‍ (28), രാഹുല്‍ (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 31 ന് ഡേറ്റിംഗ് ആപ്പില്‍ ജതിന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തന്റെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയെന്ന് 35 കാരിയായ സ്ത്രീ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അങ്കിത് സിംഗ് പറഞ്ഞു. മെയ് 30 ന് ജതിനും രാഹുലും തന്റെ വീട് സന്ദര്‍ശിക്കുന്നതിന് മുമ്പ് താനും ജതിനും (വിജയ് കുമാര്‍ കമല്‍) മെസ്സേജുകളിലുടെ സംസാരിച്ചിരുന്നുവെന്ന് ഇര പോലീസിനോട് പറഞ്ഞു. ‘ഇരുവരും സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണും 5,000 രൂപയും കവര്‍ന്നു,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘പ്രതികളുടെ അറസ്റ്റോടെ, ദാബ്രി, ദ്വാരക നോര്‍ത്ത്, സൗത്ത് രോഹിണി, വടക്കന്‍ രോഹിണി എന്നിവിടങ്ങളില്‍ നിന്ന് മൊത്തം നാല് കേസുകള്‍ പുറത്തുവന്നു. ഒരേ സ്വഭാവം. മറ്റ് ഇരകളുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടക്കുന്നു,’ പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide