
കൊച്ചി: മാസപ്പടി വിഷയത്തിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. 2016 ഡിസംബർ മുതൽ തുടർന്നുള്ള എല്ലാ മാസത്തിലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സിഎംആർഎല്ലിനെ സഹായിക്കാൻ കരിമണൽ ഖനന നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും കുഴൽനാടൻ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സ്പീക്കര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറിയെന്ന് കുഴൽനാനടൻ ആരോപിച്ചു.
“നിയമസഭയില്‍ അംഗത്തിന്റെ അവകാശം നിഷേധിക്കുന്ന, ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്പീക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറി. എഴുതിക്കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസമുണ്ടായിട്ടില്ല. ആധികാരികമായിരിക്കണം എന്നതുകൊണ്ടാണ് സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. സഭയില്‍ പറയുന്നത് രേഖയാണ്. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മറുപടി നല്‍കേണ്ടി വരും. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനാണ് സ്പീക്കര്‍ ഇടപെട്ടു,” മാത്യു കുഴൽനാടൻ പറഞ്ഞു.
സിഎംആർഎലിനു ഖനനത്തിനായി കരാർ നൽകിയ ഭൂമി വിജ്ഞാപനത്തിലൂടെ ഏറ്റെടുക്കാമായിരുന്നെന്നും, ആ അവസരം ഉപയോഗിക്കാതെ കരാർ നൽകാനാകുമോയെന്നാണ് മുഖ്യമന്ത്രി പരിശോധിച്ചതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഖനനം സംബന്ധിച്ച സിഎംആർഎൽ ഫയൽ മാത്രം വിളിച്ചു വരുത്തി പരിശോധിച്ചതിലെ താൽപര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. കമ്പനിക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പ്രതിഫലമായാണ് മകൾ വീണയ്ക്ക് പ്രതിമാസം 8 ലക്ഷംരൂപ ലഭിച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ എടുത്ത ശരിയായ തീരുമാനത്തെ മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും എംഎൽഎ ആരോപിച്ചു.














