
തിരുവനന്തപുരം: മാസപ്പടി കേസിൽ മകൾ വിണ വിജയനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാർത്ഥ പ്രതിയെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ രംഗത്ത്. സി എം ആർ എൽ കമ്പനിക്ക് വേണ്ടി അനധികൃത ഇടപെടലുകൾ നടത്തിയെന്നതടക്കമുള്ള ഗുരതര ആരോപണങ്ങളാണ് മാത്യു ഇന്ന് മുഖ്യമന്ത്രിക്കെതിരെ അയിച്ചുവിട്ടത്. മുഖ്യമന്ത്രി മകളെ എന്തിനു സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നു എന്ന് ചോദിച്ച കുഴൽനാടൻ, സിംഹ ഭാഗം പണവും കൈപ്പറ്റിയത് പിണറായിയാണെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ പരസ്യ സംവാദത്തിന് പി രാജീവിനെയും എം ബി രാജേഷിനെയും മാത്യു വെല്ലു വിളിക്കുകയും ചെയ്തു.
സി എം ആർ എൽ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ ഇടപെടലുകൾ നടത്തിയെന്നാണ് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം എൽ എയുമായ മാത്യു കുഴൽനാടൻ ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു ആരോപിച്ചു. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എക്സാലോജിക്കിൽ മകൾ വീണയുടെ പങ്കല്ല മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ വിശദീകരിച്ചു.
സിഎംആർഎലിനു നൽകിയ കരാർ നിലനിർത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ചോദ്യങ്ങൾക്ക് വ്യവസായ വകുപ്പോ മുഖ്യമന്ത്രിയോ സി പി എമ്മോ മറുപടി നൽകിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സിഎംആർഎലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവു പുറത്തുവിട്ടിട്ടും കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി നൽകിയത് ഒറ്റ വരി മറുപടി മാത്രമാണെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ മറുപടി പറയാറുള്ള എം ബി രാജേഷും ഇക്കാര്യത്തിൽ കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വിഷയത്തിൽ പി രാജീവിനോടും എം ബി രാജേഷിനോടും പരസ്യ സംവാദത്തിന് തയ്യാറാണെന്നും വെല്ലുവിളിച്ചുകൊണ്ടാണ് മാത്യു കുഴൽനാടൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
Mathew kuzhalnadan new allegations against CM Pinarayi vijayan details