
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും അടക്കമുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയും വിവാദമാകുകയും ചെയ്ത മാസപ്പടി കേസില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനുട്‌സും ഹാജരാക്കിയ രേഖകളില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇതിനിടെ സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ മാത്യു കുഴല്‍നാടന് ഹാജരാക്കാനായില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു. അഴിമതി നിരോധന പരിധിയില്‍ വരുന്ന ആരോപണം അല്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ വാദിച്ചു. ഭൂപരിഷ്‌കരണ നിയമം ലഘൂകരിച്ച് ഭൂമി പതിച്ചു നല്‍കണമെന്ന് സിഎംആര്‍എല്ലിന്റെ അപേക്ഷ നിരസിച്ചതാണെന്നും വിജിലന്‍സ് വ്യക്തമാക്കി.
അതേ സമയം, അപേക്ഷ പൂര്‍ണമായും നിരസിച്ചതല്ലെനും പുതിയ പ്രോജക്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് താല്‍ക്കാലികമായി തള്ളിയതാണെന്നും കുഴല്‍ നാടന്റെ അഭിഭാഷകനും മറുവാദം ഉന്നയിച്ചു. വാദം പൂര്‍ത്തിയായതോടെ മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും.