ബാർകോഴ ശബ്ദരേഖ: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് മന്ത്രി എംബി രാജേഷിന്റെ കത്ത്

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് കത്ത് നൽകി എക്സൈസ് മന്ത്രി എംബി രാജേഷ്. ഡിജിപി ഷെയ്‌ഖ് ദര്‍വേശ് സാഹിബിനാണ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. വിവാ​ദത്തിന്റെ പേരിൽ വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം നൽകി ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്നായിരുന്നു ഓഡിയോ പ്രചരിച്ചത്. ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. മദ്യ നയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സൈസ് പോളിസിയുമായി ആരുമായും ചർച്ച നടത്തിയിട്ടില്ല. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എം.ബി രാജേഷ് പറഞ്ഞു. വിവാദത്തിന് പിന്നാലെ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

MB Rajesh send letter to dgp on bar bribery allegatiosn