
മിൽവാക്കി: മിൽവാക്കിയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ, ഡോണൾഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ ഡി വാൻസിനെ കുറിച്ച് വാചാലയായി അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യക്കാരിയുമായ ഉഷ ചിലകുരി. ഭർത്താവ് നന്നായി ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമെന്ന് ജെഡി വാൻസിൻ്റെ ഭാര്യ ഉഷ ചിലുകുരി പറഞ്ഞു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ തിങ്ങിനിറഞ്ഞ സദസിനെ നോക്കി അഭിമാനത്തോടെയാണ് ഭർത്താവ് വാൻസിനെ കുറിച്ച് ഉഷ വാചാലയായത്.
സദസിനെ അഭിസംബോധന ചെയ്ത ഉഷ ചിലുകുരി പഠനകാലത്തെ തങ്ങളുടെ മനോഹരമായ പ്രണയ നാളുകളെക്കുറിച്ചും സംസാരിച്ചു.
”വാൻസിനെ കുറിച്ച് രണ്ട് വാക്ക് പറയാൻ ആവശ്യപ്പെട്ടപ്പോൾ എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം നിങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ നന്നായി അറിയാം. ഞാൻ കണ്ടതിൽ വച്ച് അന്നും ഇന്നും ഒരുപോലെ രസകരമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേംബ്രിഡ്ജിൽ പഠിക്കുമ്പോഴാണ് വാൻസുമായി പ്രണയത്തിലാവുന്നത്. ആദ്യം സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. അന്നും ഇന്നും എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും രസകരമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തൊഴിലാളി വർഗത്തിനായി അധ്വാനിക്കുന്ന വ്യക്തിയാണ് വാൻസ്. കുട്ടിക്കാലത്തുണ്ടായ മാനസികാഘാതങ്ങളെ അതിജീവിച്ച് വന്ന അദ്ദേഹം ഇറാഖിലെ നേവിയിൽ സേവനം അനുഷ്ഠിച്ചു. എങ്കിലും ഒഴിവു സമയങ്ങൾ അദ്ദേഹത്തിന് നായകുട്ടികളെ കളിപ്പിക്കുന്നതിനും സിനിമകൾ കാണുന്നതിനോടുമായിരുന്നു താത്പര്യം,” ഉഷ പറഞ്ഞു.
” Meat and potato guy” എന്നാണ് ഉഷ, വാൻസിനെ വിശേഷിപ്പിച്ചത്. ഇന്ത്യൻ സംസ്‌കാരത്തോട് ഏറെ ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് വാൻസ്. ഇന്ത്യൻ ഭക്ഷണങ്ങളോട് താത്പര്യം പ്രകടിപ്പിച്ച അദ്ദേഹം തന്റെ മാതാവിൽ നിന്നാണ് ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് പഠിച്ചെടുത്തതെന്നും ഉഷ വ്യക്തമാക്കി.
ഉഷയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ജെ ഡി വാൻസ് 2020ൽ മെഗിൻ കെല്ലി ഷോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഉറച്ച സ്ത്രീ ശബ്ദമാണ് ഉഷയ്‌ക്കെന്നും ഭാര്യയെ കുറിച്ചോർക്കുമ്പോൾ തനിക്കെപ്പോഴും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.