
കിച്ചനർ: അർബുദ ബാധയായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർത്ഥിനി സാന്ദ്രാ സലീം(25) മരണത്തിനു കീഴടങ്ങി. കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലീം അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലം രോഗം മൂർച്ഛിക്കുകയായിരുന്നെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ആശുപത്രി അധികൃതരെ ഇക്കാര്യം അറിയിച്ചതായും പറയുന്നു. മികച്ച നർത്തകി കൂടിയായ സാന്ദ്ര സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.
എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്നാണ് പെൺകുട്ടി ആദ്യം ഗ്രാൻഡ് റിവർ ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. തുടർന്ന് വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയുമായിരുന്നു. കിച്ചനറിൽ താമസിക്കുകയായിരുന്ന പെൺകുട്ടിക്ക് ലണ്ടനിലാണ് കൺസൾട്ടിങ്ങിനായി ഡോക്ടറെ ലഭിച്ചത്. അവിടെ ഡോക്ടറെ കണ്ട് മടങ്ങിയ പെൺകുട്ടി ക്ളിനിക്കിൽ റിസൾട്ടിനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും തുടർന്ന് ഇ-മെയിൽ അയച്ച് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ലെന്നുമാണ് ആക്ഷേപം.
കുറച്ച് നാളുകള്‍ക്ക് ശേഷം കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയപ്പോള്‍ വേദനസംഹാരി നല്‍കി മടക്കി അയച്ചു. പിന്നീട് നടക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ അര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതായ് കണ്ടെത്തി.
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടിയെ അടുത്ത സുഹൃത്തുക്കളാണ് സഹായിച്ചത്. വിദ്യാര്‍ത്ഥിനി ആയതിനാല്‍ തുടര്‍ ചികിത്സയ്ക്കും മറ്റും ഭാരിച്ച തുക കണ്ടെത്തേണ്ട അവസ്ഥ ഉണ്ടായതിനാല്‍ വിവിധ മലയാളി സംഘടനകള്‍ ചേര്‍ന്ന് ഗോ ഫണ്ട് വഴി തുക സമാഹരിച്ച് ചികിത്സയ്ക്കായി നല്‍കിയിരുന്നു. പിന്നീട് തുടര്‍ചികിത്സയ്ക്കായി സാന്ദ്രയെ കേരളത്തിലേയ്ക്ക് കൊണ്ടു പോയിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.















