നിർബന്ധിത ആർത്ത അവധി വിപരീത ഫലം ചെയ്യുമെന്ന് സുപ്രീം കോടതി; മാതൃക ചട്ടമുണ്ടാക്കാൻ കേന്ദ്രത്തിന് നിർദേശം

ന്യൂഡൽഹി: സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് തിരിച്ചടിച്ചേക്കുമെന്ന് സുപ്രീം കോടതി. ഇതുവഴി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാകുമെന്നു കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനമാണ് വേണ്ടതെന്നും വനിതാ ജീവനക്കാർക്ക് ആർത്തവ അവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

‘‘എങ്ങനെയാണ് ഇത്തരം അവധികൾ സ്ത്രീകളെ കൂടുതൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുന്നത്? അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽനിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്ത്രീകൾക്കു ദോഷം ചെയ്യുന്നതാകും. ഈ വിഷയത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനമാണ് ആവശ്യം, കോടതികളല്ല പരിശോധിക്കേണ്ടത്,’’ ഡി. വൈ. ചന്ദ്രചൂഡ് പറഞ്ഞു.

വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആർത്തവ അവധി നൽകുന്നതു സംബന്ധിച്ച നയം രൂപീകരിക്കാൻ നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഇതിനായി ഹര്‍ജിക്കാരനു വേണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

More Stories from this section

family-dental
witywide