മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ശരീരം 20 ന് കേരളത്തിലെത്തിക്കും, കബറടക്കത്തിന്റെ ഒന്നാംഘട്ട ശുശ്രൂഷ ഡാലസിൽ നടന്നു

ഡാളസ്: യു എസിൽ വാഹനാപകടത്തിൽ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ശരീരം 20 -ാം തിയതി കേരളത്തിലെത്തിക്കും. തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേ‌‌ഴ്‌സ് കൺവൻഷൻ സെന്ററിൽ അന്ന് പൊതുദര്‍ശനം ഉണ്ടാകും. മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിലാകും അദ്ദേഹത്തിന്‍റെ ഖബറടക്കം നടക്കുക. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് സിനഡ് അറിയിച്ചു.

അതിനിടെ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കത്തിന്റെ ഒന്നാംഘട്ട ശുശ്രൂഷ യുഎസിലെ ഡാലസ് വിൽസ് പോയിന്റ് സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടന്നു. കൊളംബോ-കിഗാലി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യകാർമികനായിരുന്നു. നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയൽ മാർ തിമോത്തിയോസ് സഹകാർമികത്വം വഹിച്ചു. സഭാ സെക്രട്ടറി ഫാ.ഡോ. ഡാനിയൽ ജോൺസൺ ഉൾപ്പെടെയുള്ള വൈദികർ പങ്കെടുത്തു.

അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാനെത്തുന്നവർ പൂക്കൾക്ക് പകരം, കഴിഞ്ഞ കുറച്ച് മാസങ്ങളിൽ യോഹാന്‍റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിന്നിരുന്ന ശുശ്രൂഷാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ‘ഇൻ മെമ്മറി ഫോർ എറ്റേണിറ്റി’ എന്ന പ്രത്യേക ഫണ്ടിലേക്ക് സംഭാവനകളാണ് കൂടുതലായും നൽകിയത്. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന ജിഎഫ്എ വേൾഡിന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു യൊഹാൻ.

More Stories from this section

family-dental
witywide