മെത്രാപ്പൊലീത്ത മാർ അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ; ഇന്ന് തിരുവല്ലയിൽ പൊതുദർശനം

കൊച്ചി: അമേരിക്കയിലെ ഡാലസില്‍ വാഹനാപകടത്തില്‍ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതികദേഹം തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചു. ഇന്ന് രാവിലെ 9 മണി മുതൽ നാളെ രാവിലെ ഒൻപത് വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിലാണ് പൊതുദർശനം. പള്ളിയിലേക്ക് വിലാപ യാത്രയായി പോയ ശേഷം നാളെ 11 മണിയോടെ കബറടക്ക ചടങ്ങുകൾ തുടങ്ങും. ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം കേരളത്തിലെത്തിച്ചത്. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വൈദികര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേല്‍, സാറ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ താമസിച്ചു വരികയായിരുന്നു മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍. അതിനിടെ, ഈ മാസം ഏഴിന് പ്രഭാത നടത്തത്തിനിടെയാണ് ഡാലസില്‍വെച്ച് വാഹനാപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.