ഗര്‍ഭസ്ഥ ശിശുവിനെപ്പോലും വെറുതേ വിടാതെ മൈക്രോ പ്ലാസ്റ്റിക്‌, ഞെട്ടിക്കുന്ന പഠനഫലം

ആരോഗ്യത്തിന് ഭീഷണിയാകുന്ന മൈക്രോ പ്ലാസ്റ്റിക്കിനെ കുറിച്ച് കുറച്ചധികം നാളുകളായി ആശങ്കകള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് വരെ മൈക്രോ പ്ലാസ്റ്റിക് എത്തുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

മൈക്രോ പ്ലാസ്റ്റിക് വിഭാഗത്തിലുള്ള പോളിമൈഡ്-12 അല്ലെങ്കില്‍ പിഎ-12 ശ്വസിച്ച എലികളുടെ നവജാത ശിശുക്കളില്‍ ശ്വാസകോശം, ഹൃദയം, കരള്‍, വൃക്കകള്‍, തലച്ചോറ് എന്നിവയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. ഗര്‍ഭിണിയായ അമ്മ എലികളില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് മൈക്രോപ്ലാസ്റ്റിക് കൈമാറ്റം ചെയ്യപ്പെടുമെന്നാണ് പുതിയ പഠനം കാണിക്കുന്നത്. ഇത് മനുഷ്യരിലും വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് ന്യൂജേഴ്‌സിയിലെ റട്ജേഴ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ പഠനത്തില്‍ വെളിപ്പെടുത്തുന്നു.

ഈ ഗവേഷണത്തിലൂടെ, ഗര്‍ഭാവസ്ഥയില്‍, മൈക്രോപ്ലാസ്റ്റിക്ക് മറുപിള്ളയിലൂടെ കടന്നുപോകാനും വളരുന്ന ഗര്‍ഭസ്ഥ ശിശുവിലേക്ക് എത്താനും കഴിയുമെന്ന് സൂചിപ്പിക്കുന്നു. മൈക്രോപ്ലാസ്റ്റിക് ശശീരത്തിലെത്തി ജനിക്കുന്ന കുട്ടികള്‍ക്ക് അജ്ഞാതമായ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മാത്രമല്ല, ജീവന്‍ നിലനില്‍ക്കാന്‍ പരമപ്രധാനമായ ശ്വാസകോശം, ഹൃദയം, കരള്‍, വൃക്കകള്‍, തലച്ചോറ് പോലുള്ള അവയവങ്ങളില്‍ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം വളരെ ഭീതി ഉളവാക്കുന്നതാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.