
മോസ്‌കോ : തെക്കൻ റഷ്യയിലെ ഡാഗസ്താൻ റിപ്പബ്ളിക്കിലുണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാരും ഒരു പുരോഹിതനുമുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഒരേ സമയം പല സ്ഥലങ്ങളിലുണ്ടായ ആക്രമണത്തിൽ നിരവധി സാധാരണക്കാർ സായുധ തീവ്രവാദികളാൽ കൊല്ലപ്പെട്ടതായി ഗവർണർ സെർജി മെലിക്കോവ് തിങ്കളാഴ്ച പുലർച്ചെ പ്രസ്താവനയിൽ അറിയിച്ചു. രണ്ട് നഗരങ്ങളിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് പോസ്റ്റിനും നേരെ ഒരു കൂട്ടം തോക്കുധാരികൾ വെടിയുതിർതിക്കുകയും സിനഗോഗിനും റഷ്യൻ ഓർത്തഡോക്സ് പള്ളികൾക്കും തീയിടുകയും ചെയ്തു.
സായുധ പോരാളികളുടെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നടന്ന ആക്രമണങ്ങളെ ഭീകര പ്രവർത്തനങ്ങളെന്നാണ് റഷ്യയുടെ ദേശീയ ഭീകരവിരുദ്ധ ഏജൻസി വിശേഷിപ്പിച്ചത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈ മേഖലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.
കാസ്പിയൻ കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഡെർബെൻ്റ് നഗരത്തിലെ ഒരു സിനഗോഗിനും പള്ളിക്കും നേരെ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. പിന്നീട് പള്ളിക്കും സിനഗോഗിനും തീയിട്ടു. ഏതാണ്ട് അതേസമയത്ത് തന്നെ ഡാഗെസ്താൻ തലസ്ഥാനമായ മഖച്കലയിലെ ഒരു പള്ളിക്കും ട്രാഫിക് പൊലീസ്സ് പോസ്റ്റിനും നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 6 തീവ്രവാദികളെ കൊലപ്പെടുത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ റ്റാസ് റിപ്പോർട്ട് ചെയ്തു.
Militants killed several people including 15 police men and a priest in Russia















