കേരളം ഏഷ്യയിലെ ഡെന്റൽ ഹബ്ബ്; വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം: പി. രാജീവ്

തിരുവനന്തപുരം: കേരളം വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം നടത്തുക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. എന്നാൽ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് പോലെയാണ് കേരളത്തിലെ വ്യവസായ സംരംഭങ്ങളുടെ കാര്യമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.  രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും പല മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാല്‍ പോലും അതിശയിപ്പിക്കുന്ന യൂണിറ്റുകളാണെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ക്ക് അവരെക്കുറിച്ചൊരു നല്ലവാക്ക് പറയണമെങ്കില്‍ അവരൊരു യൂണിറ്റ് കേരളത്തിന് പുറത്താരംഭിക്കണം, അല്ലെങ്കില്‍ സര്‍ക്കാരിനെ രണ്ട് കുറ്റം പറയണമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി. രാജീവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് പോലെയാണ് കേരളത്തിലെ വ്യവസായ സംരംഭങ്ങളുടെ കാര്യം. രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും പല മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാല്‍ പോലും അതിശയിപ്പിക്കുന്ന യൂണിറ്റുകളാണെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ക്ക് അവരെക്കുറിച്ചൊരു നല്ലവാക്ക് പറയണമെങ്കില്‍ അവരൊരു യൂണിറ്റ് കേരളത്തിന് പുറത്താരംഭിക്കണം, അല്ലെങ്കില്‍ സര്‍ക്കാരിനെ രണ്ട് കുറ്റം പറയണം. എന്തായാലും കേരളം വ്യവസായങ്ങളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ്.

ലോകത്തില്‍ തന്നെ നിര്‍മ്മിക്കുന്ന ബ്ലഡ് ബാഗുകളില്‍ 12% നിര്‍മ്മിക്കുന്നത് നമ്മുടെ കേരളത്തിലാണ്. ഏഷ്യയിലെ ഡെന്റല്‍ ലാബ് ഹബ്ബാണ് കേരളമെന്നത് അഭിമാനകരമായ കാര്യമാണെങ്കിലും നമ്മളില്‍ എത്രപേര്‍ക്ക് ഇതറിയാം? പ്രതിവര്‍ഷം 20,000 ഹൃദയവാല്‍വ്വുകള്‍ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനം കേരളത്തിലുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ വലിയ നിക്ഷേപങ്ങളിലൂടെ മാത്രം പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും എം.എസ്.എം.ഇ യൂണിറ്റുകളിലൂടെ പന്ത്രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപവും നേടിയെടുത്ത കേരളത്തില്‍ ഇന്ന് ഐബിഎം, വെന്‍ഷ്വര്‍, അത്താച്ചി, ആസ്‌കോ ഗ്ലോബല്‍, ട്രൈസ്റ്റാര്‍, ടാറ്റ എലക്‌സി, ടി.സി.എസ്, ഏണസ്റ്റ് ആന്റ് യങ്ങ്, വജ്ര റബ്ബര്‍, ടിടികെ ഹെല്‍ത്ത്‌കെയര്‍, എവിടി ബയോടെക്, അഗാപ്പെ, റൂബ്ഫില തുടങ്ങി നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്.

സംസ്ഥാനത്തിന് യോജിച്ചതും നൂതന വ്യവസായങ്ങളുടെ ഗണത്തില്‍ പെടുന്നതുമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്യുകയുമാണ്. സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം, എം.എം.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ്, ബെസ്റ്റ് ഇന്റസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കേരളത്തെത്തേടിയെത്തിയത് ഈ സമീപകാലയളവിലാണ്.

പക്ഷേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന സമീപനമാണ് പലരും സ്വീകരിക്കുന്നത്. ഇത് മാറുകയും കക്ഷിരാഷ്ട്രീയത്തിനതീതമായി നാമെല്ലാവരും കേരളത്തിന്റെ അംബാസഡര്‍മാരായിത്തീരുകയും ചെയ്യുകയാണെങ്കില്‍ കൂടുതല്‍ വ്യവസായ നിക്ഷേപം നമ്മുടെ നാട്ടിലേക്കെത്തുമെന്നുറപ്പാണ്. അത് ഈ നാട്ടിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും മേക്ക് ഇന്‍ കേരള പദ്ധതിക്ക് പ്രോത്സാഹനമാകുകയും ചെയ്യും.

More Stories from this section

family-dental
witywide