
മാനന്തവാടി: കാട്ടാനയുടെ ആക്രണത്തിൽ മരിച്ച പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിസംഘത്തോട് പൊട്ടിത്തെറിച്ച് അജീഷിന്റെ മകൾ അൽന. മുളവടിയും പടക്കവും കൊണ്ടുമാത്രം വനപാലകർക്ക് ജോലിചെയ്യാനാവില്ല. ആത്മരക്ഷാർഥം അവർക്ക് തോക്കു നൽകണം. തോക്കുണ്ടായിരുന്നെങ്കിൽ പുല്പള്ളി പാക്കത്തെ പോൾ ചേട്ടനു ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അൽന പറഞ്ഞു.
മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. രാജൻ, എം.ബി. രാജേഷ് എന്നിവരാണ് അജീഷ് മരിച്ചതിന്റെ 11-ാം ദിവസം വീട്ടിൽ എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 4.45-ഓടെ വീട്ടിലെത്തിയ അവർ കുടുംബാംഗങ്ങളോടും നാട്ടുകാരോടും സംസാരിച്ച് 5.05-ഓടെ മടങ്ങി. സംഭവം നടന്നിട്ട് ഇത്ര ദിവസമായിട്ടും കാട്ടാനയെ മയക്കുവെടിവെച്ചു പിടിക്കാത്തതിലുള്ള അമർഷം കുടുംബാംഗങ്ങൾ മന്ത്രിമാരെ അറിയിച്ചു.
‘പത്തു ദിവസമായി.. ഇതുവരെ ഈ ആനയെ വെടിവെക്കാൻ സാധിച്ചിട്ടില്ല സർക്കാരിന്. മനുഷ്യനു പുല്ലുവിലയാണ് സർക്കാർ കൽപ്പിക്കുന്നത്,’ അൽന പറഞ്ഞു.
‘വന്യജീവികളുടെ വോട്ട് നേടിയല്ല ആരും ജയിച്ചത്. വന്യജീവികളോടാണ് കൂടുതൽ ഇഷ്ടമെങ്കിൽ വോട്ടുതേടി ആരും ജനങ്ങളുടെ അടുത്തേക്ക് വരരുത്. വോട്ടുതേടി കാട്ടിൽപൊക്കോണം’ എന്നായിരുന്നു അജീഷിന്റെ മകൻ അലന്റെ പ്രതികരണം.