
ന്യൂഡൽഹി: ഇന്ത്യ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നുമുള്ള യുഎസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. യുഎസിന്റെ പരാമർശങ്ങൾ തെറ്റായതും അനാവശ്യവുമാണെന്നും ഇതെല്ലാം ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളാണെന്നും കേന്ദ്രം മറുപടി പറഞ്ഞു.
“പൗരത്വ ഭേദഗതി നിയമം പൗരത്വം നൽകുന്നതിനാണ്, പൗരത്വം എടുത്തുകളയുന്നതിനല്ല. നിയമം പൗരത്വമില്ലായ്മയുടെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നു. മാനുഷിക അന്തസ്സ് നൽകുന്നു. മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ന് ഉച്ചയ്ക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു.
“സിഎഎ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രസ്താവന തെറ്റായതും ആവശ്യമില്ലാത്തതുമാണെന്ന് ഞങ്ങൾ കരുതുന്നു,” മന്ത്രാലയ വക്താവ്.
“ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യങ്ങളെക്കുറിച്ചും പ്രദേശത്തിൻ്റെ വിഭജനാനന്തര ചരിത്രത്തെക്കുറിച്ചും പരിമിതമായ ധാരണയുള്ളള്ളവർ പ്രഭാഷണങ്ങൾക്ക് ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ പങ്കാളികളും അഭ്യുദയകാംക്ഷികളും ഈ ഘട്ടത്തിലെ ഉദ്ദേശ്യത്തെ സ്വാഗതം ചെയ്യണം.”
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വേഗത്തില്‍ ഇന്ത്യന്‍ പൗരത്വം ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം (സിഎഎ) ഇന്ത്യ നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പറഞ്ഞിരുന്നു. മതസ്വാതന്ത്ര്യത്തെ സിഎഎ ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ടോ എന്ന് ചോദിച്ച യുഎസ്, തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ അത് എങ്ങനെ നടപ്പാക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വ്യക്തമാക്കി.